കൊച്ചി: മെട്രോ റെയിൽ ലിമിറ്റഡിന്റെ നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് ഇനിഷിയേറ്റിവ് പദ്ധതിയുടെ ഭാഗമായി നവീകരിച്ച പനമ്പിള്ളി നഗർ സ്ട്രീറ്റ് സ്കേപ് വാക്ക് വേ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
പനമ്പിള്ളി നഗറിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, ലോക്നാഥ് ബെഹ്റ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡി.ജി.എം അനിൽ വാസു എന്നിവർ പങ്കെടുത്തു. സ്ട്രീറ്റ് സ്കേപ് മാതൃക നടപ്പാതയാക്കി നിലനിർത്തുന്നതിൽ പൊതുജനങ്ങളുടെ പങ്ക് വലുതാണെന്നും അവർ മുൻകൈ എടുക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. നഗരത്തിന്റെ വളർച്ചയിൽ കെ.എം.ആർ.എല്ലിന്റെ നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് ഇനിഷിയേറ്റിവ് പദ്ധതികൾ ശ്രദ്ധേയപങ്കാണ് വഹിക്കുന്നതെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി.
ജി.സി.ഡി.എയുടെയും കൊച്ചി മുനിസിപ്പൽ കോർപറേഷന്റെയും സഹകരണത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായി 2016ൽ നിർമിച്ചതാണ് ഈ സ്ട്രീറ്റ് സ്കേപ് വാക്ക് വേ.
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാനുള്ള നടപ്പാതയും പ്രത്യേകം തയ്യാറാക്കിയ സൈക്കിൾ ട്രാക്കും തണൽ മരങ്ങളും വഴിവിളക്കുകളുമെല്ലാം സ്ട്രീറ്റ് സ്കേപ്പിനെ എല്ലാവരുടെയും ഇഷ്ടകേന്ദ്രമാക്കി. വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ സ്ട്രീറ്റ് സ്കേപിന്റെ മുഖം മിനുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്.
850 മീറ്റർ നീളമുളള നടപ്പാതയും സൈക്കിൾ ട്രാക്കും നവീകരിച്ചതോടൊപ്പം കലാകാരൻമാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി ഒരു സ്റ്റേജും ഒരുക്കിയിട്ടുണ്ട്. നിറം മങ്ങിയ സ്ട്രീറ്റ് സ്കേപ്, കാലപ്പഴക്കം ചെന്ന വഴിവിളക്കുകൾ മാറ്റി സ്ഥാപിച്ചതോടെ പുത്തൻ മേക്കോവറിൽ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.