പള്ളുരുത്തി: എക്കലും ചളിയും നിറഞ്ഞ് പെരുമ്പടപ്പ് കായൽ. കായൽ തന്നെ ഇല്ലാതാകുമോയെന്ന അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്. വേലിയേറ്റ സമയത്തുപോലും പലയിടങ്ങളിലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. പെരുമ്പടപ്പ് പാലത്തിൽനിന്ന് നോക്കിയാൽ കായലിൽ കരരൂപപ്പെട്ട മേഖലകൾ വ്യക്തമായി കാണാം. ഒഴുകിയെത്തുന്ന പായലുകൾ കരിഞ്ഞുണങ്ങി താഴ്ന്നതോടെയാണ് എക്കൽ അടിഞ്ഞ് രൂപപ്പെട്ട കര ഭാഗം തെളിഞ്ഞു കാണുന്നത്.
കായലിന്റെ സിംഹഭാഗവും എക്കൽ നിറഞ്ഞതോടെ വേലിയേറ്റ സമയങ്ങളിൽ കായലിലേക്ക് കയറിവരുന്ന വെള്ളം കായൽ തീരത്തെ വീടുകളിലേക്കും പറമ്പിലും റോഡുകളിലുമായി കയറുകയാണ്. മറ്റ് കായലുകളിലും എക്കൽ നിറഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ രൂക്ഷത അനുഭവപ്പെടുന്നത് പെരുമ്പടപ്പ് കായലിലാണ്.
മീൻ പിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളാണ് ഇതോടെ ഏറെ ദുരിതത്തിലായിരിക്കുന്നത്. നൂറുകണക്കിന് ചീനവലകൾ പെരുമ്പടപ്പ് കായലിൽ ഉണ്ടെങ്കിലും വല താഴ്ത്താൻ കഴിയുന്നില്ല.
വല എക്കലിൽ തങ്ങിനിൽക്കുന്ന അവസ്ഥയാണ്. കായലിൽനിന്ന് ചളി മാറ്റാൻ നേരത്തേ കോടികൾ പാസാക്കിയെങ്കിലും കാര്യങ്ങൾ മുന്നോട്ടു പോയില്ല. കായൽ സംരക്ഷണത്തിനായി ജനകീയ സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും അധികാരികൾക്ക് കുലുക്കവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.