കിഴക്കമ്പലം: പട്ടിമറ്റം റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ തുടർക്കഥയായി. അഞ്ച് കിലോമീറ്റർ റോഡിൽ ആറിടത്താണ് ഒരേസമയം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഞാറളൂർ ദയറ ഹൈസ്കൂളിന് സമീപം പൈപ്പ് പൊട്ടി ദിവസങ്ങളായി നൂറുകണക്കിന് ലിറ്റർ ശുദ്ധജലം പാഴാകുകയാണ്. എരുപ്പുംപാറ കുരിശിനു സമീപവും രണ്ടിടത്ത് പൈപ്പ് പൊട്ടിയിട്ടുണ്ട്. സ്ഥിരം അറ്റകുറ്റപ്പണിയാണ് റോഡിൽ. കൂടാതെ പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണിക്ക് ശേഷം കുഴികൾ മൂടാത്തതും പതിവ് കാഴ്ചയാണ്.
കിഴക്കമ്പലം-പട്ടിമറ്റം-നെല്ലാട് റോഡ് വർഷങ്ങളായി ശോച്യാവസ്ഥയിലാണ്. റോഡിൽ ടൈൽ വിരിക്കുന്ന നടപടികൾ നടക്കുന്നുണ്ടെന്ന് പറയുമ്പോഴും ജോലികൾ ബാക്കിയാക്കി കരാറുകാരൻ മുങ്ങിയ അവസ്ഥയാണ്. ഒട്ടേറെ ഇടങ്ങളിലാണ് റോഡ് അറ്റകുറ്റപ്പണി പകുതിയാക്കി നിർത്തിവെച്ചിരിക്കുന്നത്.
കണ്ടങ്ങത്താഴം ഭാഗത്ത് വിരിച്ച ടൈലുകൾ ഇളകിത്തുടങ്ങി. വശങ്ങളിൽ വീണ് അപകടത്തിൽപെടുന്ന ബൈക്ക് യാത്രികരുടെ എണ്ണവും ഏറി. അനുവദിച്ച തുകക്കുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻപോലും ഉദ്യോഗസ്ഥർ എത്തുന്നില്ലെന്ന് ആരോപണമുണ്ട്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ നേർക്കാഴ്ചയാണ് റോഡിൽ സംഭവിക്കുന്നതെന്ന് റോഡ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.