കൊച്ചി: വിവിധ കേസുകളിൽ പ്രതിയായി മുങ്ങിനടന്നവരെ പിടികൂടാൻ കച്ചമുറുക്കിയിറങ്ങി സിറ്റി പൊലീസ്. ചൊവ്വാഴ്ച പുലർച്ച മുതൽ ബുധനാഴ്ച വരെ 24 മണിക്കൂർ നടത്തിയ ഓപറേഷനിൽ കുടുങ്ങിയത് 114 പ്രതികളാണ്. ഓപറേഷൻ ജാഗ്രത എന്ന പേരിലായിരുന്നു കേരളത്തിന്റെ വിവിധ കോണുകളിൽ സ്പെഷൽ ഡ്രൈവ് നടന്നത്. 400ഓളം പൊലീസ് ഉദ്യോഗസ്ഥരെ 90 ടീമായി വിഭജിച്ചായിരുന്നു അന്വേഷണം.
194 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. പിടികിട്ടാപ്പുള്ളികൾ, ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറൻറുള്ള പ്രതികൾ, പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന ക്രൈം കേസുകളിലെ പ്രതികൾ എന്നിങ്ങനെയുള്ളവരാണ് പിടിയിലായതെന്ന് സിറ്റി പൊലീസ് കമീഷണർ എ. അക്ബർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വധശ്രമം, പോക്സോ, മോഷണം, പീഡനം, വഞ്ചന എന്നിങ്ങനെയുള്ള കേസുകളിലെ പ്രതികൾ അറസ്റ്റിലായവരിലുണ്ട്. കൊച്ചിയിൽ ക്രമസമാധാന പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സാമൂഹികവിരുദ്ധർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും കമീഷണർ വ്യക്തമാക്കി. 2018 മുതൽ കോടതിയിൽ ഹാജരാകാത്ത പ്രതികൾ ഇക്കൂട്ടത്തിലുണ്ട്. രണ്ടാഴ്ചത്തെ മുന്നൊരുക്കത്തിനുശേഷമാണ് പ്രതികളെ പിടികൂടിയത്. സൈബർ സെല്ലിന്റെയടക്കം സഹായത്തോടെ പ്രതികളുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ വ്യാപക പരിശോധനകളുണ്ടാകും.
എൻ.ഡി.പി.എസ് ഡ്രൈവ്, വാഹന പരിശോധന തുടങ്ങിയ നടപടികൾ കൂടുതൽ കർശനമായി നടപ്പാക്കാനാണ് തീരുമാനം.
2023ലെ കേസുകളുടെ എണ്ണവും പിടികൂടിയ ലഹരിയുമൊക്കെ മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പാർസൽ വഴി ലഹരിയെത്തുന്നുവെന്ന വിവരത്തെതുടർന്ന് കൊറിയർ മേഖലയിലുള്ളവരുടെ യോഗം വിളിച്ച് മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നു. എം.ഡി.എം.എ ലഹരി ഉപയോഗം കൂടിയതായാണ് പൊലീസിന്റെ വിലയിരുത്തൽ.
കാപ്പ ഉത്തരവ് ലംഘിച്ച് കൊച്ചി നഗരത്തിൽ പ്രവേശിച്ചയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമീഷണർ എ. അക്ബർ പറഞ്ഞു. യു.എ.പി.എ കേസായതിനാൽ 180 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കേണ്ടത്. ഡി.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സമയപരിധിക്കുള്ളിൽതന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കപ്പൽശാലയിൽനിന്നും സമൂഹ മാധ്യമം വഴി വിവരങ്ങൾ ചോർത്തിയ കേസിൽ അന്വേഷണം തുടരുകയാണ്. സൈബർ വിശദാംശങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്. അറസ്റ്റിലായ പ്രതി സമൂഹമാധ്യമ അക്കൗണ്ട് വഴി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയത് ആർക്കാണെന്നതിനെക്കുറിച്ച് വിശദ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.