പള്ളുരുത്തി: കരിഞ്ചന്തയിൽ മറിച്ചുവിൽക്കാൻ ശ്രമിച്ച നൂറോളം ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തതിന് പിന്നാലെ ബുധനാഴ്ച ഇടക്കൊച്ചിയിലെ സംഭരണ കേന്ദ്രത്തിൽനിന്ന് 70 ചാക്ക് ധാന്യംകൂടി പിടികൂടി. മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന തുടർപരിശോധനയിലാണ് പള്ളുരുത്തി സബ് ഇൻസ്പെക്ടർമാരായ വൈ. ദീപു, സെബാസ്റ്റ്യൻ പി. ചാക്കോ എന്നിവർ ചേർന്ന് 3500 കിലോ വരുന്ന 70 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയത്. സിറ്റി റേഷനിങ് ഓഫിസർ ബൽരാജിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. 35 ചാക്ക് കുത്തരി, 14 ചാക്ക് പുഴുക്കലരി, 21 ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ചുള്ളിക്കൽ പി.സി. അഗസ്റ്റിൻ റോഡിലെ സംഭരണ കേന്ദ്രത്തിൽനിന്ന് റേഷൻ ഭക്ഷ്യധാന്യങ്ങൾ കടത്തുന്നതിനിടെ പൊലീസ് പിടികൂടിയവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഇടക്കൊച്ചിയിലെ സംഭരണ കേന്ദ്രത്തിലെ തിരിമറിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ധാന്യങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പിടിയിലായവർ റിമാൻഡിലാണ്. കപ്പലണ്ടിമുക്ക് എ.ആർ.ഡി 65 നമ്പർ റേഷൻ കടയിൽനിന്നുമാണ് റേഷൻ ധാന്യങ്ങൾ കടത്താൻ ശ്രമിക്കുന്നതിനിടെ ആദ്യം പൊലീസ് പിടികൂടിയത്. പിന്നീട് തുടർപരിശോധന നടന്നുവരുകയായിരുന്നു. വരും ദിവസങ്ങളിലും റേഷൻ കരിഞ്ചന്തക്കെതിരെ നടപടി ശക്തമാക്കുമെന്ന് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.