കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈകോടതിയുടെ രൂക്ഷവിമർശനമുണ്ടായിരിക്കുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ അനേകം എൻജിനീയർമാരും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിട്ടും റോഡിലെ കുഴികളുടെ കാര്യത്തിൽ പരിഹാരമാകുന്നില്ലെന്നാണ് കോടതി തുറന്നടിച്ചത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ റോഡുകൾ തകർന്നുകിടക്കുമ്പോൾ പൊതുജനം യാത്ര ചെയ്യാൻ പ്രയാസപ്പെടുകയാണ്. ജില്ലയിലെ ചെറുതും വലുതുമായ ജങ്ഷനുകളെ ഗതാഗതക്കുരുക്കിലാക്കുന്ന, ജീവന് ഭീഷണിയാകുന്ന റോഡ് തകർച്ചക്ക് ശാശ്വത പരിഹാരം കാണണമെന്നതാണ് പൊതുജനത്തിന്റെ ആവശ്യം.
തൃപ്പൂണിത്തുറ ഭാഗത്തെ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് ചാത്താരിയിലേക്കുള്ള വളവിലുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചിരുന്നു. റോഡിലെ കുഴി കണ്ട് മുന്നിലെ ബൈക്ക് വെട്ടിച്ചതിന് പിന്നാലെ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് പിൻഭാഗം ഉയർന്ന് മറിഞ്ഞത്. തകർന്ന ചോറ്റാനിക്കര പി.ഡബ്ലു.ഡി റോഡിലുണ്ടായ ഇരുചക്രവാഹനാപകടത്തിൽ ചോറ്റാനിക്കര സ്വദേശിയായ വിദ്യാർഥി മരിച്ചിരുന്നു.
കാളാത്ര ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ ലോറിക്കടിയിൽപെട്ട് ഇരുചക്രവാഹനയാത്രികയായ ആയുർവേദ ഡോക്ടറുടെ ജീവൻ പൊലിഞ്ഞിരുന്നു. സ്കൂട്ടർ യാത്രിക പാതയിലെ കുഴി കണ്ട് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. കുണ്ടന്നൂരിലെ കുഴിയിൽ വീണ് ഒരു യുവാവിനും യുവതിക്കും ഗുരുതര പരിക്കേറ്റിരുന്നു. കാലടി മറ്റൂര്‍- തലാശ്ശേരി റോഡിലെ കുഴിയിൽ ഇരുചക്ര വാഹന യാത്രികരായ ദമ്പതികള്‍ റോഡിലെ കുഴിയിൽ വീണിരുന്നു. കുഴിയില്‍ ബൈക്ക് വീണ് ഗുരുതര പരിക്കേറ്റ് മറ്റൂര്‍ സ്വദേശി മാസങ്ങളായി ചികിത്സയിലാണ്.
കൊച്ചിയുടെ പൈതൃക മുഖമുദ്രയായ തോപ്പുംപടി ഹാർബർ പാലത്തിലെ നവീകരിച്ച റോഡ് മാസങ്ങൾക്കുള്ളിൽ തകർന്ന് വൻ കുഴികൾ രുപപ്പെട്ടിരിക്കുകയാണ്. പണിത് ദിവസങ്ങൾക്കകം ഇവിടെ കുഴി രൂപപ്പെട്ടു. മുമ്പ് കൊച്ചി തുറമുഖ ട്രസ്റ്റിന് പാലത്തിന്റെ സംരക്ഷണമുണ്ടായിരുന്നപ്പോൾ അറ്റകുറ്റപ്പണി കാലാകാലങ്ങളിൽ നടക്കുമായിരുന്നു. പൊതുമരാമത്തിന് കൈമാറിയതോടെ ദുരിതം ആരംഭിച്ചു.
പെരുമ്പാവൂർ കാളച്ചന്ത റോഡ്, കുഴിപ്പിള്ളിക്കാവിന് മുന്നിലെ റോഡ്, റയോണ്‍പുരം- കാരിയേലി റോഡ് തുടങ്ങിയ പ്രധാന വഴികള്‍ തകര്‍ന്നിട്ട് മാസങ്ങളായി. കാളച്ചന്ത റോഡും കുഴിപ്പിള്ളിക്കാവിന് മുന്നിലെ റോഡും നഗര പരിധിയിലെ വൺവേ റോഡുകളാണ്. ബസുകളും ഭാരവാഹനങ്ങളും സഞ്ചരിക്കുന്ന റോഡുകളില്‍ മഴ പെയ്താല്‍ വെള്ളക്കെട്ടാണ്. എറണാകുളം നഗരത്തിൽ കച്ചേരിപ്പടി- ചിറ്റൂർ റോഡ്, കടവന്ത്ര പൊലീസ് സ്റ്റേഷന് സമീപത്തെ റോഡ് എന്നിവിടങ്ങളിൽ ഗട്ടറുകൾ രൂപപ്പെട്ടിട്ടുണ്ട്.
കുടിവെള്ള പദ്ധതിക്കായി പൊളിച്ചുനശിപ്പിക്കുന്ന റോഡുകൾ
ജൽ ജീവൻ പദ്ധതിക്ക് വേണ്ടി കുഴിയെടുത്ത പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ റോഡുകൾ പലതും അറ്റകുറ്റപ്പണി നടക്കാതെ തകർന്ന സ്ഥിതിയിലാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ചെങ്ങമനാട്, നെടുമ്പാശ്ശേരി, കുന്നുകര, പാറക്കടവ് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരാണ് കൂടുതൽ വലയുന്നത്. എട്ടുമാസം മുമ്പാണ് പൈപ്പുകൾ സ്ഥാപിക്കാൻ കുഴികളെടുത്തത്.
ബി.എംബി.സി മാതൃകയിൽ നിർമിച്ച ആലുവ - പറവൂർ റോഡിലും മുഴുനീളെ കുഴികളാണ്. യു.സി കോളജ് മുതൽ വെടിമറ വരെ നീളുന്ന ഏകദേശം 13 കിലോമീറ്ററോളം ഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനാൽ പലയിടത്തും റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. മന്നം 11 കെ.വി സബ് സ്റ്റേഷന് സമീപം ജല അതോറിറ്റി കുടിവെള്ള പൈപ്പ് ലൈൻ തകർന്നത് പരിഹരിക്കാൻ റോഡ് പൊളിച്ചിട്ടുണ്ട്.
നഗരറോഡ് വികസനം മന്ദഗതിയിലായതോടെ മൂവാറ്റുപുഴ പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ രണ്ടു കിലോമീറ്റർ ദൂരം റോഡ് തകർന്നനിലയിലാണ്. ഇതോടെ ദിവസം മുഴുവൻ ഗതാഗതക്കുരുക്കിൽ കുടുങ്ങിയിരിക്കുകയാണ് ജനം. നഗരത്തിലെ രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ അര മണിക്കൂറാണ് നിലവിൽ വേണ്ടത്. കിഴക്കേക്കര- ആശ്രമം റോഡും വൻ കുഴി രൂപപ്പെട്ട് തകർച്ചയിലാണ്. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷം. നവീകരണ പ്രവർത്തനങ്ങൾക്ക് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചെങ്കിലും ഇതുവരെ തുടർനടപടിയായിട്ടില്ല.
വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ ദുരിതമായത് നിർമാണത്തിലുണ്ടായ അശാസ്ത്രീയത കാരണമാണ്.
കൈയേറ്റം ഒഴിപ്പിക്കാതെയും വീതി വർധിപ്പിക്കാതെയും വശങ്ങളിൽ നടപ്പാത നിർമിച്ചതോടെ കാൽനടക്കാർക്കുണ്ടായിരുന്ന സ്ഥലം നഷ്ടമായി. ചെറുവാഹനങ്ങൾക്ക് വശം ചേർക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെ പലയിടത്തും നടപ്പാത ചുറ്റിവളഞ്ഞാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. ചിലയിടങ്ങളിൽ പോസ്റ്റുകളും സ്റ്റേ കമ്പികളും ട്രാൻസ്ഫോർമറുകളും ഫുട്പാത്തിന്റെ നടുവിലാണ് നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.