കൊച്ചി: കൊറിയറിൽ എം.ഡി.എം.എ ലഭിച്ചെന്ന പേരിൽ വ്യാജസന്ദേശം നൽകി ഡോക്ടറുടെ പക്കൽനിന്ന് 41.61 ലക്ഷം തട്ടിയ കേസിൽ ഏഴുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് അഫ്സൽ, കുഞ്ഞലവി, നിസാമുദ്ദീൻ, സിദ്ദീഖുൽ അക്ബർ അടക്കമുള്ളവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന്നിരയായത്.
ഇദ്ദേഹത്തിന്റെ കൊറിയറിൽ എം.ഡി.എം.എ, പാസ്പോർട്ട് ഉൾപ്പെടെയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നുപറഞ്ഞ് കസ്റ്റംസെന്ന് പരിചയപ്പെടുത്തിയവർ വിളിക്കുകയായിരുന്നു. അക്കൗണ്ടുകളുടെ പരിശോധന ആവശ്യമുണ്ടെന്നും അറിയിച്ചു. പിന്നീട് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരിൽ ഡോക്ടറെ ബന്ധപ്പെട്ടു. അവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും 15 മിനിറ്റിനുശേഷം തിരികെ ലഭിക്കുമെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് അവർ നൽകിയ അക്കൗണ്ടുകളിലേക്ക് പണം കൈമാറി. രണ്ടുദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാഞ്ഞതോടെയാണ് തട്ടിപ്പിന്നിരയായതായി മനസ്സിലായത്. ഇതോടെ പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിലാണ് ഏഴുപേർ പിടിയിലായത്. തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരും പ്രധാനികളും പിടിയിലാകാനുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ് ഇവരെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.