കൊച്ചി: കുടിപ്പകയിലും അല്ലാതെയും അക്രമങ്ങൾ നടത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗുണ്ടവിളയാട്ടം. സമീപദിവസം പള്ളുരുത്തിയിലുണ്ടായ കൊലപാതകം, എറണാകുളം നഗരത്തിൽ ഹോംസ്റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയവർ പിടിയിലായത്, ബാറിലെ വെടിവെപ്പ്, പാടിവട്ടത്തെ നൈറ്റ് കഫേയിലുണ്ടായ അക്രമം തുടങ്ങിയ സംഭവങ്ങൾക്കൊക്കെ പിന്നിൽ ക്വട്ടേഷൻ സംഘങ്ങളാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത്തരക്കാരെ അമർച്ച ചെയ്യാൻ കർശന നടപടികളുമായി മുന്നോട്ടുപോകുകയാണ് പൊലീസ്.
അന്തർ സംസ്ഥാന പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച് പെൺവാണിഭം നടത്തിയിരുന്ന സംഘമാണ് കഴിഞ്ഞ ദിവസം കതൃക്കടവിൽ പിടിയിലായത്. ഇവർക്ക് പിന്നിൽ കുപ്രസിദ്ധ ഗുണ്ടാസംഘമാണെന്നാണ് പുറത്തുവന്ന വിവരം. ബാറിലെ വെടിവെപ്പ് കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അങ്കമാലി സ്വദേശി വിനീതിനെ പിടികൂടിയപ്പോൾ ഇയാളിൽ നിന്ന് രണ്ട് തോക്കുകളടക്കം കണ്ടെത്തിയിരുന്നു. വിവിധ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തുന്നതടക്കം നടപടികളാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 11ഓളം പേർക്കെതിരെയാണ് കൊച്ചി സിറ്റി, എറണാകുളം റൂറൽ പൊലീസ് ഇത്തരത്തിൽ നടപടിയെടുത്തത്.
പാടിവട്ടത്തെ നൈറ്റ് കഫേയിൽ രാത്രി ഭക്ഷണം കഴിക്കാനെത്തിയ കുപ്രസിദ്ധ ഗുണ്ടയെയും സുഹൃത്തിനെയും അക്രമിച്ച കേസിൽ രണ്ടുപേർ പിടിയിലായിരുന്നു. ഇവർ മറ്റൊരു ഗുണ്ടാസംഘത്തിന്റെ ആളുകളായിരുന്നു. കുപ്രസിദ്ധ ഗുണ്ടകളിൽ പലരും കോയമ്പത്തൂർ, പാലക്കാട്, വിവിധ തമിഴ്നാട് ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതായും ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ബാറിലെ വെടിവെപ്പ് കേസിൽ അറസ്റ്റിലായ വിനീതിന്റെ കൈവശമുണ്ടായിരുന്നത് തിരകൾ നിറച്ച തോക്കുകളാണ്. കുറ്റവാളികൾക്ക് നാടൻ തോക്ക് നിർമിച്ച് നൽകുന്നവരുണ്ടെന്ന വിവരമാണ് ഇതിലൂടെ പൊലീസിന് ലഭ്യമായത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം പുരോഗമിക്കുകയാണ്.
കുടിപ്പക തീർക്കാൻ ഗുണ്ടകൾ ആയുധം കൈയിൽ കരുതിയാണ് നടപ്പ്. മുമ്പ് ഒരിക്കൽ എതിർചേരിയിലുള്ള സംഘത്തെ മറ്റൊരു കേസിൽ ഹാജരാക്കാൻ പറവൂർ കോടതിയിൽ എത്തിച്ചപ്പോൾ വടിവാളടക്കം ആയുധങ്ങളുമായി ബാർ വെടിവെപ്പ് കേസിലെ മുഖ്യപ്രതിയും കൂട്ടരുമടങ്ങുന്ന ഗുണ്ടാസംഘമെത്തിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ചെറുപ്പക്കാരെ കൂട്ടിച്ചേർത്ത് സംഘങ്ങൾ വിപുലീകരിക്കുകയാണ് ഇത്തരക്കാരുടെ രീതി. ഫോൺ കോളുകൾ നിരീക്ഷണത്തിലാണെന്ന സംശയമുണ്ടായാൽ അന്തർസംസ്ഥാനക്കാരടക്കമുള്ളവരെ ഭീഷണിപ്പെടുത്തി ഫോണുകൾ വാങ്ങിയാണ് പരസ്പരം ബന്ധപ്പെടുന്നത്. ബീഹാറിൽ നിന്നും മറ്റും ഗുണ്ടകൾക്ക് തോക്ക് എത്തുന്നതായാണ് വിവരം. പെട്ടെന്ന് കണ്ടുപിടിക്കാതിരിക്കാൻ വിവിധ കഷണങ്ങളാക്കിയാണ് കൊണ്ടുവരുന്നതെന്നും ഇതിനായി ഇടനിലക്കാർ പ്രവർത്തിക്കുന്നതായും പൊലീസ് കണ്ടെത്തലുണ്ട്.
കൊച്ചിയിലെ ലഹരി ഇടപാടുകൾ ഏറെ വർധിച്ചതോടെ ഈ മേഖല തന്നെയാണ് ഗുണ്ടകൾ പ്രധാന വരുമാന മാർഗമായി കാണുന്നത്. വിൽപനക്കാരായും ഇടനിലക്കാരായും ഇവരാണ് സജീവമായിരിക്കുന്നത്. വൻതോതിൽ പണമിറക്കി കൊച്ചിയിലടക്കം മയക്കുമരുന്ന് എത്തിക്കുന്നതിന് പിന്നിൽ ഗുണ്ടാസംഘങ്ങളാണ്. കുഴൽപ്പണ ഇടപാടാണ് ഇവരുടെ മറ്റൊരു പ്രവർത്തന മേഖല. മുൻകാലങ്ങളിൽ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരുടെ റോളിലും പലരുമെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.