പള്ളുരുത്തി: തോപ്പുംപടി ഔവർ ലേഡീസ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചെല്ലാനം കണ്ടകടവിൽ പണിത വീട് മാതൃകയാകുന്നു. കടൽ കയറ്റം രൂക്ഷമായി അനുഭവപ്പെടുന്ന ചെല്ലാനം മേഖലയിൽ തിരമാലയടിയുടെ ഭീതിയില്ലാതെ അന്തിയുറങ്ങാൻ പ്രാപ്തമായ വീടാണ് സ്കൂളിന്റെ ഹൗസ് ചലഞ്ച് പദ്ധതി പ്രകാരം നിർമിച്ച 156ാമത്തെ ഭവനം.
നാലടി ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനു മുകളിലാണ് വീട് നിർമിച്ചിരിക്കുന്നത്. സ്റ്റിൽറ്റ് ഹൗസ് എന്നാണ് പദ്ധതിക്ക് പറയുന്നത്.
കോൺക്രീറ്റ് തൂണുകൾ ഏറെ ആഴത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. കടൽ കടന്ന് വരുന്ന തിരകൾ കോൺക്രീറ്റ് തൂണുകൾക്കിടയിലൂടെ കടന്ന് പോകും. പാതിരാക്കാണ് തിരയടിച്ച് കയറുന്നതെങ്കിലും മുകളിൽ അന്തിയുറങ്ങുന്നവരെ ബാധിക്കില്ല. തുടർച്ചയായി കടലേറ്റ ഭീഷണിമൂലം വീടുകൾ നശിക്കുന്ന ചെല്ലാനത്ത് ആദ്യമായി നടത്തുന്ന പരീക്ഷണമാണിത്. അതും ഒരു വിദ്യാലയത്തിന്റെ സമൂഹ നന്മയുടെ ഭാഗമായി പണിത വീട്.
വിനീഷിനും കുടുംബത്തിനുമാണ് വീട് വെച്ചുനൽകിയത്. അടിക്കടിയുണ്ടായ കടലേറ്റം മൂലം ഇവരുടെ കൊച്ചുവീടും വീട്ടുപകരണങ്ങളും നശിച്ചുപോയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കലിനോട് സങ്കടം പറഞ്ഞതോടെയാണ് തീരത്തിന് യോജിച്ച പദ്ധതി ഒരുക്കിയത്. വിനീഷിന്റെ ഏകമകൾ ഈ വിദ്യാലയത്തിലാണ് പഠിക്കുന്നത്. നിലവിൽ വീടുണ്ടായ ഇടത്തുതന്നെ തീരം കയറി വരുന്ന തിരമാലകളെ പ്രതിരോധിക്കാൻ സിസ്റ്റർ സ്റ്റിൽറ്റ് ഹൗസ് എന്ന പദ്ധതി ഒരുക്കുകയായിരുന്നു. രണ്ട് നില വീട്ടിൽ രണ്ട് മുറി, അടുക്കള ,ഹാൾ എന്നിവയുണ്ട്.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ സഹായത്തോടെ നിർമിച്ച ആദ്യ സ്റ്റിൽറ്റ് ഹൗസിന്റെ താക്കോൽ ദാനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. കോൺഫിഡന്റ് ഗ്രൂപ് എം.ഡി ടി.എ. ജോസഫ് മുഖ്യാതിഥിയായി. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, ഫാ. ജയ്സൺ മുളരിക്കൽ, ജോയ് തുളുവത്ത്, രൂപ ജോർജ്, പയസ് ആന്റണി, ഫാ. ജോസ് പ്രമോദ്, ജോസഫ് സുമിത്, ലില്ലി പോൾ, റോജി സുമിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.