കൊച്ചി: മരംകോച്ചും തണുപ്പുണ്ടാകേണ്ട മാസമാണിത്, പക്ഷേ നാട്ടിലെങ്ങും മീനച്ചൂട് പോലെ കടുത്ത ചൂടാണ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കാനാവാത്ത വിധത്തിലുള്ള ചൂട്, രാത്രി വീടിനകത്ത് ഉറങ്ങാനാവാത്ത ചൂട്. ആകെ വിയർത്ത്, ചുട്ടുപൊള്ളി ഉരുകുകയാണ് ജനം. 37 മുതൽ 40 ഡിഗ്രി സെൽഷ്യസിനടുത്ത് വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും ചൂട് രൂക്ഷമായി തന്നെ തുടരുമെന്നാണ് കണക്കുകൂട്ടൽ.
ചൂടുകാലം രോഗങ്ങളുടെയും കൂടി കാലമാണ്. നിർജ്ജലീകരണം, വയറിളക്കം തുടങ്ങി രോഗങ്ങളെയും സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതുണ്ട്. നിർജ്ജലീകരണം ശരീര താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കടുത്ത ക്ഷീണത്തിനിടയാക്കും. ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുക. ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, മോരിൻവെള്ളം തുടങ്ങിയവയും മികച്ചതാണ്. ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി, തണ്ണിമത്തൻ തുടങ്ങി ജലാംശം അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.
നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയിലുള്ള സമയങ്ങളിൽ പരമാവധി ജാഗ്രത പാലിക്കുക. വെയിലേൽക്കേണ്ട സാഹചര്യങ്ങളിൽ മുഖവും കൈകാലുമെല്ലാം പരമാവധി സൂര്യപ്രകാശത്തിൽ നിന്ന് മറയ്ക്കുന്ന രീതിയിലാക്കുക. ടൂവീലർ ഓടിക്കുന്നവർ കൈയ്യുറ, മാസ്ക്, സൺഗ്ലാസ് തുടങ്ങിയവയും ശീലമാക്കാം. ദിവസവും രണ്ടുനേരം കുളിക്കുക, അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ രീതികളും പാലിക്കാം. കുട, വെള്ളക്കുപ്പി തുടങ്ങിയവ എവിടെ പോകുമ്പോഴും കരുതാം.
ചൂട് നാൾക്കുനാൾ കൂടി വരുന്നതോടെ കരിക്ക്, തണ്ണിമത്തൻ ജ്യൂസ് (കുമ്മട്ടിക്ക ജ്യൂസ്), സംഭാരം, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങളുടെയും മറ്റും വിൽപ്പന വ്യാപകമായി. കരിക്ക് കച്ചവടക്കാരുടെ ചാകരക്കാലമാണിത്. 45 രൂപ മുതലാണ് പലയിടത്തും കരിക്ക് വിൽക്കുന്നത്. ഇതുകൂടാതെ കുമ്മട്ടിക്ക ജ്യൂസ് പലയിടത്തും ബക്കറ്റിലാക്കിയും മറ്റും വിൽക്കുന്നവരുണ്ട്.
ജില്ലയിൽ പ്രധാനമായും അഞ്ചു സ്ഥലങ്ങളിലാണ് ചൂട് കൂടുതൽ. ചൂണ്ടിയാണ് ഇതിൽ മുന്നിൽ. ചൂണ്ടിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 39.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. ആലുവ, ഇടമലയാർ ഡാം, കളമശ്ശേരി, മട്ടാഞ്ചേരി, നോർത്ത് പറവൂർ എന്നിവിടങ്ങളിലും കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ചൂട് വളരെ കൂടുതലാണ്.
തിയതി, താപനില (ഡിഗ്രി സെൽഷ്യസ്): ക്രമത്തിൽ
24 38.3
23 38.7
22 37.9
21 38.3
20 37.4
19 39.9
18 37.4
17 37.5
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.