കൊച്ചി: കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ജൂൺ 17ന് ആറുവർഷം തികയുകയാണ്. കഴിഞ്ഞ വർഷം മുതൽ കേരള മെട്രോ റെയിൽ ഡേ ആയിട്ടാണ് ഈ ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും സമ്മാനം നേടാനുള്ള അവസരങ്ങളും ഒരുക്കുകയാണ് കെ.എം.ആർ.എൽ. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരിൽ ശനിയാഴ്ച മുതൽ മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.
11 മുതൽ 17 വരെ ആലുവ, കളമശ്ശേരി, പാലാരിവട്ടം, കലൂർ, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ സ്റ്റേഷനുകളിൽ കുടുംബശ്രീ പ്രദർശന-വിൽപന മേള നടക്കും. 17ന് കലൂർ മെട്രോ സ്റ്റേഷനിൽ വിവിധ ഉൽപന്നങ്ങളുടെ പ്രദർശന-വിൽപന മേള ഒരുക്കും. ‘ബോബനും മോളിയും’ പേരിൽ ഓപൺ ക്വിസ് മത്സരം സംഘടിപ്പിക്കും. പ്രായഭേദമെന്യേ ഒരു പുരുഷനും ഒരു വനിതയുമടങ്ങുന്ന ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം. മൂന്നുദിവസം നീളുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങൾ കൊച്ചി മെട്രോയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നടക്കും. 17ന് ഉച്ചക്ക് രണ്ടിന് പ്രിലിമിനറി റൗണ്ടും തുടർന്ന് സെമി ഫൈനലും ഫൈനലും വൈറ്റില മെട്രോ സ്റ്റേഷനിൽ നടക്കും. രജിസ്ട്രേഷൻ ഓൺലൈനായിട്ടാണ്. രജിസ്ട്രേഷൻ ഫീ ഇല്ല. വിവരങ്ങൾക്ക് +91 79076 35399. ചിത്രരചന മത്സരവും 15 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കായി ചെസ് മത്സരവും നടക്കും.
ഇന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെ പൊതുജനങ്ങൾക്കായി വിവിധ ബോർഡ് ഗെയിമുകളും 11ന് ഉച്ചക്ക് രണ്ട് മുതൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ ചെസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. 15ന് കൊച്ചി മെട്രോ ട്രെയിനുകളിൽ കാർട്ടൂണിസ്റ്റുകൾ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകൾ തത്സമയം വരച്ച് സമ്മാനിക്കും. തുടർന്ന് ഇവയിൽ ചില കാരിക്കേച്ചറുകൾ തെരഞ്ഞെടുത്ത ട്രെയിനുകളിൽ പ്രദർശിക്കും. 16ന് പൊതുഗതാഗത കോൺക്ലേവ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംഘടിപ്പിക്കും. 22 മുതൽ 25 വൈറ്റില മെട്രോ സ്റ്റേഷനിൽ ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.