കൊച്ചി: നഗരമധ്യത്തിലെ ഫ്ലാറ്റിൽ യുവതിയെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുമാസമായിട്ടും പ്രതിയെ പിടികൂടിയില്ല. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ലൈംഗിക, ശാരീരിക പീഡനങ്ങൾക്കിരയായത്.
കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് സംഭവം. തൃശൂർ സ്വദേശിയായ മാർട്ടിൻ ജോസഫാണ് പ്രതി. ഇതുസംബന്ധിച്ച് ഏപ്രിലിൽ സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടും പിടികൂടാനായില്ല. എറണാകുളത്ത് ജോലി ചെയ്ത് വരുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. മാസം 40,000 രൂപ വീതം തിരിച്ചുനല്‍കാമെന്ന ഉറപ്പിൽ പ്രതി യുവതിയിൽനിന്ന് അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ, പണം തിരികെ കിട്ടിയില്ല.
പരിചയം മുതലാക്കി യുവതിയെ ഫ്ലാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്ലാറ്റിന് പുറത്തുപോകുകയോ വിവരം പുറത്തുപറയുകയോ ചെയ്താല്‍ വിഡിയോ പുറത്തുവിടുെമന്ന് ഭീഷണിപ്പെടുത്തി. കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക എന്നിങ്ങനെ ശാരീരികമായ അതിക്രമങ്ങളുമുണ്ടായിരുന്നു.
പിന്നീട് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോള്‍ യുവതി ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം പുറത്തു പറയേണ്ടെന്നാണ് ആദ്യം കരുതിയതെങ്കിലും പ്രതി ഭീഷണി തുടർന്നതോടെ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകി. ഇതറിഞ്ഞ് പ്രതി വീണ്ടും ഭീഷണി മുഴക്കി. നിലവില്‍ പ്രതിയുടെ ഉപദ്രവം ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്.
പൊലീസ് എഫ്.ഐ.ആര്‍ ഇട്ട് യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ഫ്ലാറ്റിലെത്തിയെങ്കിലും അവിടെനിന്ന് കടന്നിരുന്നു. തൃശൂരിലെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോവിഡും ലോക്ഡൗണ്‍ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാലാണ് പ്രതിയെ അറസ്റ്റ് ചെയ്യാനാകാത്തതെന്നാണ് പൊലീസ് യുവതിക്ക് നല്‍കുന്ന വിശദീകരണം. പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
സെൻട്രൽ സി.ഐക്ക് വനിത കമീഷെൻറ താക്കീത്
കൊച്ചി: പീഡനത്തിനിരയായ യുവതി പരാതി നല്‍കി രണ്ടുമാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിെൻറ നടപടിയെ വനിത കമീഷന്‍ അപലപിച്ചു. സി.ഐയെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയ കമീഷന്‍ ചെയര്‍പേഴ്‌സൻ എം.സി. ജോസഫൈന്‍ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പുഘട്ടത്തില്‍ താൽക്കാലികമായി സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍ തുടരന്വേഷണത്തിന് കോടതി കയറിയിറങ്ങേണ്ടിവരും എന്ന കാരണത്താല്‍ ഇത്തരം കേസുകളില്‍ ശ്രദ്ധകൊടുത്തിരുന്നില്ലെന്ന ആക്ഷേപം കമീഷെൻറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിക്കെതിരായ നടപടിയില്‍ ഒരു അമാന്തവും പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് വനിത കമീഷൻ ചൂണ്ടിക്കാട്ടി. 376ാം വകുപ്പ് പ്രകാരം ബലാല്‍സംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ലോക്ഡൗണ്‍ കാലയളവില്‍ സ്ത്രീസമൂഹത്തിനിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കാനിടവരും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കമീഷന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.