കാക്കനാട്: ആലുവ-തൃപ്പൂണിത്തുറ ബസ് റൂട്ട് കേന്ദ്രീകരിച്ച് മോഷണം ശക്തമാകുന്നു. തിരക്കുള്ള ബസുകളിലാണ് മോഷണം നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ മാത്രം മൂന്ന് പേരാണ് പരാതിയുമായി തൃക്കാക്കര പൊലീസിനെ സമീപിച്ചത്. ആലുവ തൃപ്പൂണിത്തുറ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലായിരുന്നു മോഷണം.
കാക്കനാട് ഓലിമുകൾ ജങ്ഷനിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ യുവതിയാണ് പഴ്സ് നഷ്ടപ്പെട്ട വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് കാക്കനാട് ടി.വി. സെന്‍റർ ഭാഗത്ത് ബസ് നിർത്തിച്ച ഇവർ പഴ്സ് നഷ്ടപ്പെട്ട വിവരം ജീവനക്കാരെ അറിയിച്ചു.
ഇവരുടെ നിർദേശപ്രകാരം യാത്രക്കാർ സ്വയം നടത്തിയ പരിശോധനകളിലാണ് മറ്റു രണ്ടു പേരുടെ പഴ്സുകൾ കൂടി നഷ്ടപ്പെട്ടതായി മനസ്സിലായത്. തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള പ്രധാന രേഖകൾ, സ്വർണാഭരണങ്ങൾ, പണം തുടങ്ങിയവ അടങ്ങിയ പഴ്സുകളാണ് മോഷണം പോയത്. മൂന്നു പേരിൽനിന്നും എഴുതി വാങ്ങിയ പൊലീസ് അന്വേഷണം ആരംഭിക്കും.
എച്ച്.എം.ടി ജങ്ഷനും കാക്കനാടിനും ഇടയിലുള്ള ദൂരത്താണ് മോഷണം നടന്നതെന്ന് കരുതുന്നതായി പഴ്സ് നഷ്ടപ്പെട്ട കളമശ്ശേരി സ്വദേശിനി ഷെഫീന പറഞ്ഞു. മൂന്ന് പേരുടെയും ബാഗുകൾ കീറാതെ ആരുമറിയാതെ വിദഗ്ധമായി തുറന്നാണ് കവർച്ച നടത്തിയതെന്നും നല്ല തിരക്കായിരുന്നതിനാൽ ശ്രദ്ധയിൽ പെട്ടില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.