കൊച്ചി: തൃപ്പൂണിത്തുറയിലെ അപകടാവസ്ഥയിലായ പഴയ ഇരുമ്പുപാലത്തിനു പകരം പുതിയത് നിർമിക്കാൻ വേണ്ടിവരുന്ന ഫണ്ടിന്റെ ആദ്യ ഗഡു എന്ന് അനുവദിക്കാനാവുമെന്ന് ഹൈകോടതി. പ്രാഥമിക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന 50 ലക്ഷം എപ്പോൾ സാധ്യമാകുമെന്നത് സംബന്ധിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിന്റെ വിശദീകരണം തേടിയത്.
മുക്കോട്ടിൽ ടെമ്പിൾ റോഡ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ റോയ് തെക്കൻ, കെ.എസ്. ശങ്കരനാരായണൻ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി ഏപ്രിൽ മൂന്നിന് പരിഗണിക്കാൻ മാറ്റി. അഞ്ചുവർഷമായി അടച്ചിട്ടിരിക്കുന്ന ഇരുമ്പ് പാലത്തിലൂടെ ഇപ്പോൾ ഇരുചക്രവാഹനം മാത്രമാണ് കടത്തിവിടുന്നത്.
കൊച്ചി കോർപറേഷനെയും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് തോട്ടപ്പിള്ളിക്കാട്ട് പുഴക്ക് കുറുകെയുള്ള ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാലം. നേരത്തേ ഹൈകോടതി ഉത്തരവിനെത്തുടർന്ന് 2022ൽ പാലം പുനർനിർമാണത്തിന് ഭരണാനുമതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് ഹരജിയിലെ ആരോപണം. 30 കോടി രൂപയുടെ ഭരണാനുമതി നൽകിയെങ്കിലും സ്ഥലം ഏറ്റെടുക്കാൻപോലും ഇതുവരെ പണം അനുവദിച്ചിട്ടില്ല.
പൊതുമരാമത്ത് അധികൃതർക്കും മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ല. എത്രയുംവേഗം തുക അനുവദിച്ച് തുടർനടപടി ഉണ്ടാകണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.