കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. എസ്.എൻ ജങ്ഷൻ-തൃപ്പൂണിത്തുറ റൂട്ടിൽ പരീക്ഷണയോട്ടം നടന്നുവരുകയാണ്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ പരിശോധനക്ക് തുടക്കമായി. പരിശോധനകൾ ചൊവ്വാഴ്ചയും തുടരും. യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ, സിഗ്നലിങ്, ട്രാക്ക് തുടങ്ങിയവ ചീഫ് മെട്രോ റെയിൽ സുരക്ഷ കമീഷണർ പരിശോധിക്കുന്നുണ്ട്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷ കമീഷണറുടേത്. വ്യോമയാന മന്ത്രാലയത്തിൽനിന്നുള്ള റെയിൽവേ സുരക്ഷ കമീഷണർ ആനന്ദ് എം. ചൗധരിയാണ് പരിശോധന നടത്തുക.
1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുകയാണ്. ഓപൺ വെബ് ഗിർഡർ സാങ്കേതികവിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജങ്ഷൻ-തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീ. മേഖലയിലാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കി.മീ. ദൈർഘ്യമാണ് കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിൽ പിന്നിടുക.
കാക്കനാട്: വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കാൻ കലക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോയുടെ നിർമാണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. നിലവിലെ റോഡുകളുടെ വീതികൂട്ടി ഗതാഗതസൗകര്യം കൂടുതൽ മെച്ചപ്പെടുത്തും.
ഗതാഗത തടസ്സം ഒഴുവാക്കുന്നതിന് ബസുകൾ, ആംബുലൻസുകൾ, ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ മറ്റ് റോഡുകൾ സജ്ജീകരിക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട്, ചിറ്റേത്തുകര വഴി ഇൻഫോപാർക്കിലേക്കുള്ള മെട്രോ സർവിസിൽ 11 സ്റ്റേഷനുകളാണ് ഒരുക്കുക. അതിൽ ഏഴ് സ്റ്റേഷനുകളുടെ നിർമാണത്തിന് സ്ഥലമെടുപ്പ് പ്രക്രിയ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.