കൊച്ചി: തൊഴിൽ വകുപ്പിന്റെ അന്തർ സംസ്ഥാന തൊഴിലാളി രജിസ്ട്രേഷന് ജില്ലയിൽ തണുത്ത പ്രതികരണം. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലെടുക്കുന്ന അന്തർ സംസ്ഥാനക്കാരെ നിയമ വിധേയമാക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിച്ച രജിസ്ട്രേഷനാണ് ഇഴയുന്നത്.
സർക്കാർ പദ്ധതി ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ ജില്ലയിലിതുവരെ രജിസ്റ്റർ ചെയ്തത് 25000ത്തോളം പേർ മാത്രമാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം അന്തർ സംസ്ഥാനക്കാർ ജോലി ചെയ്യുന്നത് ജില്ലയിലാണ്. എന്നാൽ, ഇവരുടെ ഔദ്യോഗിക കണക്ക് സംബന്ധിച്ച ഒരുരേഖയും സർക്കാർ സംവിധാനങ്ങളുടെ കൈവശമില്ല. ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്നാണ് രജിസ്ട്രേഷൻ നടപടികൾ കാര്യക്ഷമമാക്കാൻ സർക്കാർ തീരുമാനിച്ചത്.
ആഗസ്റ്റ് മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളി രജിസ്ട്രേഷനായ ആവാസിൽ 1.15 ലക്ഷം തൊഴിലാളികളാണ് ജില്ലയിൽനിന്ന് മാത്രം രജിസ്റ്റർ ചെയ്തത്. എന്നാൽ, പിന്നീടിത് നിർജീവമാകുകയായിരുന്നു. ഇപ്പോൾ അനൗദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ രണ്ടര ലക്ഷത്തോളം പേരുണ്ടെന്നാണ് വിലയിരുത്തൽ. ഇവരിൽ ഭൂരിഭാഗവും ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകളിലെ പ്ലൈവുഡ് അടക്കമുള്ള വിവിധ കമ്പനികളിലും നിർമാണ മേഖലകളിലുമാണ്.
തൊഴിലുടമകളുടെയും ഏജന്റുമാരുടെയും സഹകരണത്തോടെയാണ് തൊഴിൽ വകുപ്പിന്റെ വിവരശേഖരണം. എന്നാൽ, ഇത് കാര്യമായി വിജയം കാണുന്നില്ലെന്നാണ് ഒരുമാസം പിന്നിടുമ്പോൾ കണക്കുകൾ തെളിയിക്കുന്നത്. വിവരശേഖരണത്തോട് തൊഴിലാളികൾ കാണിക്കുന്ന നിസ്സഹകരണമാണ് ഇതിൽ പ്രധാനം. കേരളത്തിലെത്തുന്ന തൊഴിലാളികളിൽ പലർക്കും മതിയായ തിരിച്ചറിയൽ രേഖകളില്ലെന്നതാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്.
ചിലർക്കാകട്ടെ ഒന്നിലധികം സംസ്ഥാനങ്ങളിൽനിന്നുള്ള തിരിച്ചറിയൽ രേഖകളുള്ളതായി അന്വേഷണത്തിൽ വെളിപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഇവരിൽ പലരും അടിക്കടി ജോലി സ്ഥലങ്ങൾ മാറുന്നുമുണ്ട്. ഇത്തരം സാഹചര്യമാണ് നിയമപരമായ നടപടികളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. താലൂക്ക് തലത്തിൽ തൊഴിലുടമകളെയും ഏജന്റുമാരെയും തൊഴിലാളികളെ വാടകക്ക് താമസിപ്പിക്കുന്ന കെട്ടിട ഉടമകളെയും ബോധവത്കരിച്ച് രജിസ്ട്രേഷൻ നടപടികൾ കാര്യക്ഷമമാക്കാനാണ് വകുപ്പിന്റെ നീക്കം. ഇതോടൊപ്പം അതിഥി മൊബൈൽ ആപ്പിന്റെ വരവോടെ നടപടികൾ വേഗത്തിലാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കുറ്റകൃത്യങ്ങളിൽ അന്തർ സംസ്ഥാനക്കാരുടെ പങ്കാളിത്തം വ്യാപകമായത് തലവേദന സൃഷ്ടിച്ചതോടെ ഇവരുടെ വിവരശേഖരണത്തിനായി പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്.
ജില്ലയിൽ പൊലീസിന്റെ നേതൃത്വത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പുരോഗമിക്കുകയാണ്. റൂറൽ ജില്ലയിലെ 34 സ്റ്റേഷനുകളിലും ഇതിനായി നടപടി ആരംഭിച്ചിട്ടുണ്ട്. രജിസ്ടേഷൻ നടപടികൾക്ക് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
അന്തർ സംസ്ഥാനക്കാരുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പൊലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ വിവരങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങി നാൽപതോളം കാര്യങ്ങളാണ് ശേഖരിക്കുന്നത്. സിറ്റി പൊലീസും ഇക്കാര്യത്തിൽ സജീവ ഇടപെടലാണ് നടത്തുന്നത്. ജില്ലയിൽ വിവര ശേഖരണത്തിൽ നാൽപതിനായിരത്തോളം പേർ രേഖയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.