കൊച്ചി: വേനൽ കടുത്തതോടെ ജില്ലയിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഓരോ വർഷവും വേനലിൽ ഇത് പതിവാണെങ്കിലും പരിഹാരത്തിനായി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാത്തതാണ് ജനങ്ങൾക്ക് ദുരിതമേറാൻ കാരണം. ജലസേചന വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയിൽ 45 ശതമാനത്തോളം ജനങ്ങൾ കുടിവെള്ള പ്രതിസന്ധി നേരിടുന്നുണ്ട്.
ജല വിഭവ വകുപ്പിന്റെ കണക്ക് പ്രകാരം കോർപറേഷൻ ഡിവിഷനുകളായ അഞ്ച്, 20, 22, 31, 42, 56, 57 എന്നിവിടങ്ങളിലും ചെല്ലാനം പഞ്ചായത്തിലെ 15, 16 വാർഡുകളിലും ചേരാനെല്ലൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ആറ്, എട്ട്, 13 എന്നീ വാർഡുകളിലും മുളവുകാട് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് എന്നീ വാർഡുകളിലും കടമക്കുടി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിലും ഉൾപ്പെട്ട പ്രദേശങ്ങൾ, തീരദേശ പഞ്ചായത്തുകളായ ഞാറയ്ക്കൽ, എടവനക്കാട്, നായരമ്പലം, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, മാമല (തിരുവാണിയൂർ), പഴന്തോട്ടം, കടമറ്റം (ഐക്കരനാട്), കരിമുകൾ, അമ്പലമുകൾ(വടവുകോട് പുത്തൻകുരിശ്) എന്നിവിടങ്ങളിലാണ് രൂക്ഷമായ ജലക്ഷാമം. പായിപ്ര, കുന്നത്തുനാട്, നെല്ലിക്കുഴി, മൂവാറ്റുപുഴ തൃക്കാക്കര നഗരസഭകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പെരുമ്പാവൂർ മേഖലയിൽ വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓട്ടത്താണി, പെരുമാനി, പങ്കിമല, കൊളളിമോളം, കദളികുന്ന് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലാണ് രൂക്ഷപ്രതിസന്ധി. ഇവിടെ കനാലില്‍ വെള്ളമില്ലാത്തതുകൊണ്ട് കിണറുകള്‍ വറ്റിയ സ്ഥിതിയാണ്.
അഞ്ഞൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുവെള്ളമാണ്. ഇതാകട്ടെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മണിക്കൂറുകള്‍ മാത്രമാണ് വിതരണം.
മൂവാറ്റുപുഴ: ഒരുമാസത്തിനിടെ തുടർച്ചയായി നാലാം വട്ടവും കീച്ചേരിപ്പടി-നിരപ്പ് റോഡിൽ പൈപ്പ് പൊട്ടി. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വൻ ശബ്ദത്തോടെ കുടിവെളള വിതരണ പൈപ്പ് പൊട്ടിയത്. ആറു ദിവസം മുമ്പ് പൊട്ടിയ സ്ഥലത്ത് തന്നെയാണ് വീണ്ടും പൊട്ടിയത്. ഇതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. വേനൽ കടുത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുന്നതിനിടെയുണ്ടായ പൈപ്പ് പൊട്ടൽ ജനത്തിന് ദുരിതമായി. ഇതോടെ മേഖലയിൽ കുടിവെളളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
പടിഞ്ഞാറൻ കൊച്ചിയിലെ കുടിവെള്ളക്ഷാമം ചെറിയ തോതിൽ പരിഹരിച്ചെങ്കിലും ജനസാന്ദ്രത ഏറെയുള്ള മേഖലയിൽ ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തീരത്തോട് ചേർന്ന് കിടക്കുന്ന മേഖലയായതിനാൽ ഭൂഗർഭ വെള്ളത്തിൽ ഉപ്പും ലവണാംശവും ഏറെയാണ്. അതിനാൽ ടാപ്പിലൂടെ എത്തുന്ന വെളളമാണ് ആശ്രയം.
കൊച്ചിയിലെ ജനസാന്ദ്രതയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവയുടെ പ്രയോജനം നാട്ടുകാർക്കില്ല. കഴിഞ്ഞ ആഴ്ചയാണ് പെരുമ്പടപ്പ് നിവാസികൾ കൗൺസിലറുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചത്.
വൈപ്പിനിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് മേഖലകളിലെ ഉൾപ്രദേശങ്ങളിൽ ദിവസങ്ങളായി വെള്ളമെത്തിയിട്ട്. അറ്റകുറ്റ പണികളുടെ ഭാഗമായി കുടിവെള്ളം മുടങ്ങുമെന്ന് ഒമ്പതിന് അറിയിപ്പുണ്ടായെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പൂർവസ്ഥിതിയിലായിട്ടില്ല.
പള്ളിപ്പുറം പഞ്ചായത്തിലെ വടക്കൻ മേഖലകളിൽ തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ പറവൂർ ജല അതോറിറ്റി ഓഫിസിന് മുന്നിൽ വ്യാഴാഴ്ച കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.