കോതമംഗലം: ആലുവ- മൂന്നാർ റോഡ് (കോതമംഗലം -ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ച് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിച്ചു. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. ആലുവയിലൂടെയും കോതമംഗലത്തിലൂടെയും കടന്ന് പോകുന്ന രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
അലൈൻമെന്റ് പ്രകാരമുള്ള കല്ലിടൽ പ്രവർത്തിയ്ക്കാണ് തുടക്കമായത്. എ.എം റോഡ് 23 മീറ്റർ വീതിയാക്കിയാണ് വികസിപ്പിക്കുന്നത്. 107.078 ഏക്കർ സ്ഥലമാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കൽ നടപടികൾക്ക് മാത്രമായി 653 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിച്ചിരിക്കുന്നത്.
ഭൂമിയും വീടടക്കമുള്ള മറ്റ് കെട്ടിടങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും എം.എൽ.എ പറഞ്ഞു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. മജീദ്, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ജയരാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ജെ.സിജി, അസിസ്റ്റന്റ് എഞ്ചിനീയർ എം.മുഹ്സിന,ജില്ല പഞ്ചായത്ത് അംഗം റഷീദ സലിം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭ വിനയൻ,ബ്ലോക്ക് മെമ്പർ അനു വിജയനാഥ്, മുൻസിപ്പൽ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. തോമസ്, അഡ്വ. ജോസ് വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് ഇ.കെ.സേവിയർ എന്നിവർ സന്നിഹിതരായിരുന്നു.
കിഴക്കമ്പലം: ആലുവ-മൂന്നാർ റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് വാഴക്കുളം എം.ഇ.എസ് ജങ്ഷനിൽ നോട്ടിഫിക്കേഷൻ പ്രകാരം സ്ഥലം ഏറ്റെടുത്തുകൊണ്ട് അതിർത്തിക്കല്ല് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം എം.എൽ.എമാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ഖാദർ, സ്നേഹ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷീജ പുളിക്കൽ, പഞ്ചായത്ത് മെംബർമാരായ വിജയലക്ഷ്മി, മുരളി, ടി. പി. അസീസ്, സാജു മത്തായി, എൻ.എച്ച്. ഷെബീർ, കെ.എ. ജോയ് എന്നിവർ പങ്കെടുത്തു.
പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ സ്റ്റേറ്റ് ഹൈവേയുടെ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾക്ക് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പാച്ചുപിള്ളപ്പടിക്ക് സമീപം കല്ലിട്ട് തുടക്കം കുറിച്ചു. നിർദിഷ്ട റോഡിന്റെ 17 കിലോമീറ്റര്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്.
പെരുമ്പാവൂരില്‍ ടൗണ്‍ ഒഴിവാക്കി ബൈപാസിലൂടെയാണ് പാത കടന്നുപോകുക. നിലവിലുള്ള റോഡില്‍നിന്നും വളവുകള്‍ നിവര്‍ത്തിയാണ് അലൈന്മെന്റ്. പോഞ്ഞാശ്ശേരി, ചെമ്പറക്കി, ചെകുത്താന് വളവ് എന്നിവിടങ്ങളിലെ വളവുകളിലാണ് നിലവിലുള്ള റോഡില്‍നിന്നും റോഡ് നേരെയാക്കി അലൈന്മെന്റ് മാറ്റിയിരിക്കുന്നത്.
ടൗണ്‍ ആരംഭിക്കുന്നതിനു മുമ്പ് പാലക്കാട്ടുതാഴത്തുനിന്ന് നിർദിഷ്ട ബൈപാസിലൂടെ മരുത് ജങ്ഷനില്‍ എത്തുന്ന വിധമാണ് നാലുവരിപ്പാത. അലൈന്മെന്റ് അംഗീകാരമായിട്ടുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ ഇനി വേഗത്തിലാകും.
സ്ഥലം ഏറ്റെടുക്കുന്നതിന് 653 കോടി നേരത്തേ അനുവദിച്ചിരുന്നു. സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ല പഞ്ചായത്ത് മെംബര്‍ ഷൈമി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എം. സലിം, ലതാഞ്ജലി മുരുകന്, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വാര്‍ഡ് മെംബര്‍ അജാസ് യൂസഫ്, കെ.ആര്.എഫ്.ബി ഉദ്യോഗസ്ഥര്‍, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മൂവാറ്റുപുഴ: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിലെ കടാതി-കാരക്കുന്നം, മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപാസുകളുടെ നിർമാണത്തിന് ജീവൻവെക്കുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭൂമി ഏറ്റെടുക്കുന്നതിന് 3(എ) ഗസറ്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
രണ്ടു ബൈപാസുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 1307 കോടി ഉൾപ്പെടെ 1720 കോടി രൂപ വാർഷിക പദ്ധതിയിൽപെടുത്തിയാണ് രണ്ടു മാസം മുമ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നൽകിയത്. 30 മീറ്റർ വീതിയിൽ നാലു ലൈൻ ആധുനിക നിലവാരത്തിലാണ് നിർമിക്കുക.
ഹൈവേ എൻജിനീയറിങ് കൺസൽട്ടൻസിയാണ് ഡി.പി.ആർ തയാറാക്കിയത്. ഈ സാമ്പത്തിക വർഷം തന്നെ സ്ഥലമേറ്റെടുക്കൽ, നഷ്ടപരിഹാര വിതരണം തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.പി. പറഞ്ഞു.
സ്പെഷൽ ഡെപ്യൂട്ടി കലക്ടർ എൽ.എ, എൻ.എച്ചിനെയാണ് സ്ഥലം ഏറ്റെടുക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മൂവാറ്റുപുഴ താലൂക്കിലെ വാളകം, മുളവൂർ, ഏനാനല്ലൂർ, മൂവാറ്റുപുഴ, മാറാടി, വെള്ളൂർക്കുന്നം വില്ലേജുകളിലും കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, വാരപ്പെട്ടി, കോതമംഗലം എന്നീ വില്ലേജുകളിലൂടെയുമാണ് ബൈപാസ് അലൈൻമെന്റ് നിശ്ചയിച്ചിരിക്കുന്നത്.
കടാതി മുതൽ കാരക്കുന്നം വരെ ആറു കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന മൂവാറ്റുപുഴ ബൈപാസിന് ഭൂമി ഏറ്റെടുക്കലിന് 543 കോടിയും സിവിൽ വർക്കുകൾക്കായി 217 കോടിയും ഉൾപ്പെടെ ആകെ 760 കോടി രൂപയും മാതിരപ്പിള്ളി മുതൽ കോഴിപ്പിള്ളി വരെ അഞ്ചു കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന കോതമംഗലം ബൈപാസിന് സ്ഥലം ഏറ്റെടുക്കാൻ 764 കോടി രൂപയും സിവിൽ വർക്കുകൾക്കായി 196 കോടിയും ഉൾപ്പെടെ 960 കോടി രൂപയുടെ പദ്ധതിക്കാണ് ഡി.പി.ആർ തയാറാക്കിയിരിക്കുന്നതെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.