കോതമംഗലം: 21 വർഷത്തെ യാതനകളെ പിന്നിലുപേക്ഷിച്ച്, അമ്പാടിയെ ചേർത്തുപിടിച്ച് കോതമംഗലം പീസ് വാലിയിലേക്ക് യാത്ര തിരിക്കുമ്പോൾ പ്രേമലതയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പനമ്പാടുനിന്ന് തിരിക്കുമ്പോൾ ഇവരുടെ മനസ്സിൽ കഴിഞ്ഞ കാലത്തിന്റെ കയ്പ്പുകളെല്ലാം അലയടിച്ചെത്തുകയായിരുന്നു. ജനിച്ച് എട്ടാം മാസം മുതൽ അമ്പാടി വിഷ്ണു മാനസിക വെല്ലുവിളികളുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. കുട്ടിയുടെ വളർച്ചക്കൊപ്പം പ്രശ്നങ്ങളും അധികരിക്കുകയും ചെയ്തു. വസ്ത്രം ധരിക്കാൻ കൂട്ടാക്കാതെ അക്രമാസക്തനാകുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി.
തൊഴിലുറപ്പ് തൊഴിലാളിയായ പ്രേമലത നിവൃത്തിയില്ലാതെ അമ്പാടിയെ മരത്തിൽ കെട്ടിയിട്ടാണ് തൊഴിലിടങ്ങളിൽ എത്തിയിരുന്നത്. പലപ്പോഴും കെട്ടുപൊട്ടിച്ച് നഗ്നനായി ഓടിപ്പോകാൻ തുടങ്ങിയതോടെ സുമനസ്സുകൾ ചേർന്ന് നിർമിച്ച് നൽകിയ അഴികൾക്കുള്ളിലായി അമ്പാടിയുടെ ജീവിതം. സാമ്പത്തിക പരാധീനത മൂലം മകന്റെ മാനസിക വെല്ലുവിളിയുടെ തീവ്രത കുറക്കാനുള്ള ചികിത്സപോലും ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രാദേശിക സാന്ത്വന പരിചരണ വിഭാഗം മുഖേന ലഭിക്കുന്ന മരുന്നുകൾ മാത്രമാണ് ആശ്വാസമായിരുന്നത്. തന്റെ കാലശേഷം മകനെ എങ്ങനെ സംരക്ഷിക്കും എന്ന പ്രേമലതയുടെ അന്വേഷണമാണ് മാറഞ്ചേരി പ്രദേശത്തെ പൊതുപ്രവർത്തകർ മുഖേന പീസ് വാലിക്കു മുന്നിൽ എത്തിയത്.
അമ്പാടിയെ സന്ദർശിച്ച പീസ് വാലി ഭാരവാഹികൾ അമ്പാടിയുടെ ദയനീയത മനസ്സിലാക്കി വിദഗ്ധ ചികിത്സക്കും പുനരധിവാസത്തിനുമായി പീസ് വാലിക്ക് കീഴിൽ പുതുതായി ആരംഭിച്ച മാനസിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സൈക്യാട്രിസ്റ്റ് ഡോ. പി.എ. ഷരീഫ്, ഹെഡ് നഴ്സ് പോൾസൻ മാനുവൽ, ഭാരവാഹികളായ ഫാറൂഖ് കരുമക്കാട്ട്, പി.എം. അഷ്റഫ് എന്നിവരാണ് അമ്പാടിയെ പനമ്പാടെത്തി ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.