കോതമംഗലം: നിലവിൽ മരവിപ്പിച്ച അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ആന്റണി ജോൺ എം.എൽ.എയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പാതയിൽ വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റം വരുത്തി എസ്റ്റിമേറ്റ് തയാറാക്കാൻ നടപടി സ്വീകരിക്കുകയും പദ്ധതിനിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
അങ്കമാലി-ശബരി റെയിൽവേ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി ചെലവിന്റെ 50 ശതമാനം കേരള സർക്കാർ വഹിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കാൻ റെയിൽവേ ബോർഡ് കെ-റെയിലിനോട് നിർദേശിച്ചിരുന്നു. റെയിൽവേ ബോർഡ് ഗതിശക്തി ഡയറക്ടറേറ്റുമായുള്ള ചർച്ചകൾക്ക് ശേഷം അങ്കമാലി-എരുമേലി-ശബരി പദ്ധതിയുടെ റിവൈസ് എസ്റ്റിമേറ്റ് റെയിൽവേയുടെ അംഗീകാരത്തിനായി 2022 ഡിസംബറിൽ സമർപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട് ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന്റെ പരിഗണനക്ക് സമർപ്പിക്കുകയും റെയിൽവേ ബോർഡിൽ പരിശോധന ഘട്ടത്തിലുമാണ്. ശബരി പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നടപടിക്രമങ്ങൾ ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് സംസ്ഥാന റെയിൽവേ മന്ത്രി കത്ത് അയച്ചിരുന്നു.
തുടർന്ന് ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി കത്തിലൂടെ കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അങ്കമാലി- ശബരി ഉൾപ്പെടെയുള്ള പദ്ധതികൾ പ്രധാന അജണ്ടയായി വന്നതാണ്. പ്രസ്തുത ചർച്ചയെ ആസ്പദമാക്കി, പദ്ധതിയുടെ അംഗീകാരം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകുകയും ചെയ്തു. കേന്ദ്ര ബജറ്റിലും പദ്ധതിക്ക് മതിയായ തുക വകയിരുത്തി പിങ്ക് ബുക്കിൽ ഉൾക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.