കോതമംഗലം: താലൂക്കിൽ ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്നും താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സാംപോള്‍ അറിയിച്ചു.
കെ.എസ്.ആര്.ടി.സി ബസുകള്‍ ട്രാഫിക് പരിഷ്കരണ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് പരാതി ഉയർന്നു. അവധി ദിവസങ്ങളില്‍ കീരംപാറ, പിണ്ടിമന, കുട്ടമ്പുഴ ഭാഗത്തേക്ക് ബസുകള്‍ സർവിസ് നടത്താത്തത് പരിഹരിക്കും. ആവോലിച്ചാല്‍, കീരംപാറ, തട്ടേക്കാട് ഭാഗത്തെ കുടിവെള്ള ദൗർലഭ്യം ജല അതോറിറ്റി അടിയന്തരമായി ഇടപെട്ട് പരിഹരിക്കണം. നെല്ലിക്കുഴി കമ്പനിപ്പടി ഭാഗത്ത് ട്രാന്‍സ്ഫോർമർ സ്ഥാപിക്കുന്നതില്‍ വരുന്ന കാലതാമസം ഹൈകോടതി കേസ് നിലനില്‍ക്കുന്നതിനാലാണെന്നും കോടതി തീരുമാനമനുസരിച്ചേ നടപടി സ്വീകരിക്കാന്‍ നിർവാഹമുള്ളൂവെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. തങ്കളത്ത് സ്വകാര്യ വ്യക്തിയുടെ ട്രാൻസ്ഫോർമർ നഗരസഭ അധീനതയിലുള്ള സ്ഥലത്ത് സ്ഥാപിച്ചത് അടിയന്തരമായി നീക്കംചെയ്യാൻ കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയര്മാന് ആവശ്യപ്പെട്ടു. സ്ട്രീറ്റ് ലൈറ്റ് പകല്‍ തെളിഞ്ഞുകിടക്കുന്നത് സംബന്ധിച്ച് പരാതി ഉയർന്നു.
പൈങ്ങോട്ടൂർ മേഖലയില്‍ ചാത്തമറ്റം ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഭാഗത്ത് നിരന്തരമായി പൈപ്പ് പൊട്ടുന്നത് അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ല പഞ്ചായത്ത് മെംബര്‍ റാണിക്കുട്ടി ജോര്‍ജ് ആവശ്യപ്പെട്ടു. കോതമംഗലം തഹസില്‍ദാര്‍ റേച്ചൽ കെ. വര്‍ഗീസ്, നഗരസഭ ചെയര്മാന് കെ.കെ. ടോമി, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന് നായര്‍, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമ്മച്ചന്‍ ജോസഫ്, പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, കോതമംഗലം നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. നൗഷാദ്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
കുന്നത്തുനാട് താലൂക്ക് വികസന സമിതി യോഗം
പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് വികസന സമിതി യോഗം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ അധ്യക്ഷതയിൽ ചേര്‍ന്നു. പെരുമ്പാവൂർ ടൗണിലെ അനധികൃത പാര്‍ക്കിങ്, ട്രാഫിക് ബ്ലോക്ക് എന്നിവ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാനും കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും മഴക്കാല രോഗങ്ങൾ പ്രതിരോധിക്കാനും ആവശ്യമായ മുന്‍കരുതലുകൾ എടുക്കാനും തീരുമാനിച്ചു. തഹസില്‍ദാർ ജോര്‍ജ് ജോസഫ്, മുനിസിപ്പൽ ചെയര്മാൻ ബിജുജോൺ ജേക്കബ്, സി.എം. കരീം, ജെയ്സൺ പൂക്കുന്നേൽ, ജോര്‍ജ് കിഴക്കുമശ്ശേരി, എൻ.വി.സി അഹമ്മദ്, ബിനീഷ് പുല്യാട്ടേൽ, എല്‍ദോ മോസസ്, വിവിധ ഉദ്യോഗസ്ഥ മേധാവികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.