കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഉള്ളിൽപെട്ട ജനവാസമേഖല പൂർണ്ണമായി ഒഴിവാക്കി അതിർത്തി പുനർനിർണയം ചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡ് തീരുമാനം എടുത്തിട്ട് ഒരുവർഷം കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാക്കാതെ വനം വകുപ്പ്.
1983ൽ നിലവിൽവന്ന തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തിക്കുള്ളിൽ ഒൻപത് ച. കീ.മി പട്ടയ ഭൂമി ഉൾപെട്ടിട്ടുണ്ട്. 2020 ൽ ബഫർ സോൺ പ്രഖ്യാപനം വന്നത് മുതൽ കർഷക സംഘടനകളും കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ സമുദായ സംഘടനകളും പ്രതിരോധം തീർക്കുകയും അതിർത്തി പുനർനിർണ്ണയിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തതിനെതുടർന്ന് കൂടിയ സംസ്ഥാന വന്യജീവി ബോർഡ് ഈ വിഷയം പ്രത്യേക അജണ്ടയായി പരിഗണിച്ച്, അതിർത്തി പുനർനിർണ്ണയിക്കാൻ തീരുമാനം എടുത്തു.
പക്ഷി സങ്കേതത്തിന്റെ വിസ്തീർണം 25.16 ച. കി.മി ആണ്. അതിർത്തി പുനർനിർണ്ണയിച്ച് ജനവാസമേഖല ഒഴിവാക്കുമ്പോൾ അത് 16.52 ച. കി.മി ആകും. വിജ്ഞാപനം വന്ന 1983 മുതൽ കടുത്ത വനനിയമങ്ങൾ അതിർത്തിക്കുള്ളിലെ റവന്യു ഭൂമിയിൽ ബാധകമായിരുന്നെങ്കിലും 2020 ൽ ബഫർ സോൺ പ്രഖ്യാപനം വന്നതോടെ പ്രദേശവാസികൾ കൂടുതൽ പ്രതിസന്ധിയിൽ ആയി.
തുടർന്ന് വനം മന്ത്രിയും നിയമമന്ത്രിയും കുട്ടമ്പുഴ സന്ദർശിച്ച് അതിർത്തി പുനർനിർണയം ദേശീയ വന്യജീവി ബോർഡിന് വിടാനാണ് സംസ്ഥാന വന്യജീവി ബോർഡ് തീരുമാനമെന്ന് വ്യക്തമാക്കിയിരുന്നു.
2020 മുമ്പ് അന്തിമ വിജ്ഞാപനമോ, കരട് വിജ്ഞാപനമോ വന്ന സങ്കേതങ്ങൾക്ക് ബഫർ സോൺ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ്.
വനം വകുപ്പ് വിഷയം ദേശീയ വന്യജീവി ബോർഡിന്റെ പരിഗണനക്ക് വിട്ടാൽ കൂടുതൽ പ്രതിസന്ധിക്ക് വഴി തുറക്കുമെന്ന് കർഷകസംഘടനകൾ ചൂണ്ടി കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.