കൊച്ചി: ഹൈറേഞ്ചിെൻറ കവാടമായ കോതമംഗലത്ത് ഹൈവോൾട്ടിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം. പടുകൂറ്റൻ ഹോർഡിങ്ങുകളിൽ നിലവിലെ എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ആൻറണി ജോണും യു.ഡി.എഫ് സ്ഥാനാർഥി ഷിബു തെക്കുംപുറവും വിരിഞ്ഞുനിൽക്കുന്നു.
തങ്കളത്തും നഗരഹൃദയത്തിലും ബൈപാസ് റോഡിലുമൊക്കെ നിറഞ്ഞ് ഇരുമുന്നണികളുടെയും കൊടിതോരണങ്ങൾ. പള്ളിത്തർക്കം ഉൾപ്പെടെ പ്രചാരണത്തിൽ നിറയുന്ന കോതമംഗലത്തുകാരുടെ മനസ്സിലിരിപ്പ് തേടി ഒരു മണ്ഡലതല യാത്ര...
ആലുവ-മൂന്നാർ റോഡിലെ ഫർണിച്ചർ സിറ്റിയായ നെല്ലിക്കുഴിയിൽ നാടൻ തേക്കിൽ ഉളിയോടിക്കുകയാണ് പാലക്കാട് സ്വദേശി രാധാകൃഷ്ണൻ.
സമീപത്തുനിന്ന് പണിയിൽ ശ്രദ്ധിച്ച് ഫർണിച്ചർ ഷോപ്പുടമ അബു വട്ടപ്പാറ. ''കോവിഡിൽ അടഞ്ഞുകിടന്ന നെല്ലിക്കുഴിയുടെ ഫർണിച്ചർ മേഖല തിരിച്ചുവരവിെൻറ പാതയിലാണ്.
ഇപ്പോൾ ക്രിസ്ത്യൻ വിഭാഗത്തിെൻറ നോമ്പുകാലമായതിനാൽ വ്യാപാരത്തിൽ അൽപം ഇടിവുണ്ട്. ചെറുതും വലുതുമായ 350 ഫർണിച്ചർ കടകളെ ചുറ്റിപ്പറ്റി 10,000 തൊഴിലാളികൾ മേഖലയിലുണ്ട്'' -അദ്ദേഹത്തിെൻറ വാക്കുകൾ.
വേനൽചൂടിനൊപ്പംതന്നെ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടും കനക്കുകയാണ് മണ്ഡലത്തിലെന്ന് അദ്ദേഹം പറയുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് വളരെയേറെ മുന്നേറി. സർക്കാറിെൻറ ഭരണ നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ വിഷയമാണെന്ന് അബു സൂചിപ്പിക്കുന്നു.
കോതമംഗലം നഗരത്തിലെ മെഗാ െബ്ലയ്സ് മൊബൈൽ വേൾഡിൽ മൊബൈൽ ആക്സസറീസിെൻറ വിലവർധന വിവരിക്കുകയാണ് ഉടമ ദീപു ശാന്താറാം. ''ഇറക്കുമതി സാമഗ്രികൾ കുഴപ്പമില്ലാതെ എത്തുന്നുണ്ട്. വാങ്ങാൻ ആളുകൾ കുറവാണെന്നതാണ് പ്രശ്നം.
വൈകീട്ട് ഏഴരയൊക്കെയായാൽ പിന്നെ നഗരത്തിൽപോലും ആളുകളില്ല'' -അദ്ദേഹം പറയുന്നു. തങ്കളം-കാക്കനാട് നാലുവരിപ്പാതയും ബൈപാസിെൻറ വികസനവുമൊക്കെയാണ് തെരഞ്ഞെടുപ്പിൽ പ്രചാരണം. ഇരുമുന്നണി സ്ഥാനാർഥികളും കോതമംഗലത്തുകാരല്ലേ, മത്സരം കടുക്കുമെന്നുതന്നെ ദീപുവിന് ഉറപ്പ്. കേട്ടുനിന്ന ഷമീർ മുഹമ്മദിനും എം.പി. വിവേകിനും അക്കാര്യത്തിൽ മറുപക്ഷമില്ല.
നഗരത്തിൽനിന്ന് അൽപം വന്യത തേടി ആരും പോകും വടാട്ടുപാറക്ക്. ഭൂതത്താൻകെട്ട് ഡാമിലേക്കുള്ള വഴികളൊക്കെ വിജനം.
വൈകുന്നേരമാണ് സഞ്ചാരികളുടെ വരവ്. ഡാമിെൻറ പുതിയ പാലത്തിലൂടെ വനംവകുപ്പിെൻറ ഇടമലയാർ ചെക്പോസ്റ്റ് കടന്നാൽ മിനുങ്ങിക്കിടക്കുന്ന വനപാത. ഇരുവശവും അൽപദൂരം അടിക്കാട് വെട്ടി വെടിപ്പാക്കിയിട്ടുണ്ട്. വൈകുന്നേരമായാൽ ആനകളുടെ സഞ്ചാരപാതയാണ് പലയിടവും.
''60 വയസ്സിന് മുകളിൽ പ്രായമുള്ളവരെ കോവിഡ് കാലത്ത് തൊഴിലുറപ്പ് പണിയിൽനിന്ന് മാറ്റിനിർത്തിയത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്'' -അരീക്ക സിറ്റി ഭാഗത്ത് റബർ തോട്ടത്തിൽ ഉഷാറോടെ നിലംതെളിയിക്കുന്ന 60കാരി ലീല ഉലഹന്നാൻ ചോദിക്കുന്നു. അതിനെ ചിരിയോടെ പിന്തുണച്ച് അസ്മ അലിയാരും ഏലിക്കുട്ടി ചാക്കോയും മേരി ഔസേപ്പുമൊക്കെയുണ്ട് ചുറ്റും.
''ലോക്ഡൗൺ കാലത്ത് പട്ടിണിയില്ലാതെ പിടിച്ചുനിർത്തിയത് തൊഴിലുറപ്പാണ്. റബർ തോട്ടത്തിൽ ഉൾപ്പെടെ പണിക്ക് അനുവാദം കിട്ടിയത് സഹായകരമായി. വിലക്കയറ്റം ഉൾപ്പെടെ വലക്കുന്ന പ്രശ്നങ്ങൾ ഒരുപാടുണ്ട്'' -പി.കെ. സുമയുടെ വാക്കുകൾ. വത്സ പൗലോസും അന്നംകുഞ്ഞ് ജോസും ദാസ് ആലപറമ്പിലും ഒക്കെ അക്കാര്യം ഉറപ്പിക്കുന്നുണ്ട്.
വടാട്ടുപാറയിൽനിന്ന് കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിൽ എത്താൻ 25 കി.മീ. താണ്ടണം. ആനക്കയത്തുനിന്ന് പെരിയാറിന് കുറുകെ പാലം പണിതാൽ അഞ്ച് കി.മീ. മാത്രം യാത്രമതി. ആനക്കയം പാലം സ്ഥാനാർഥികളുടെ വാഗ്ദാനമായുണ്ട്.
വടാട്ടുപാറയിൽനിന്ന് കാടിറങ്ങി കൃഷിയിടങ്ങളുടെ കാഴ്ചകളിലൂടെ പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് എത്തുേമ്പാൾ മലയാളം വായനശാലയിൽ പ്രമോദ് പി. ജോസഫും സി.കെ. അബ്ദുന്നൂറുമൊക്കെ കടുത്ത ചർച്ചയിലാണ്.
''തെരഞ്ഞെടുപ്പിൽ ചർച്ച വരേണ്ടത് വിലക്കയറ്റവും കാർഷിക തകർച്ചയുമൊക്കെയാണ്'' -പ്രമോദ് പറയുന്നു. റബർ ടാപ്പിങ് തൊഴിലെടുത്ത് ജീവിച്ചവരൊക്കെ അവർ പോലും അറിയാതെ മറ്റ് തൊഴിലുകളുടെ ഭാഗമായി. അതുപോലെതന്നെ മറ്റ് കൃഷികളും ആദായകരമല്ലാതായി. വർഗീയതയും ജാതിയുമൊക്കെ പ്രചാരണ വിഷയമാകുന്നത് ഗതികേടാണെന്നും അദ്ദേഹം പറയുന്നു. ''കോവിഡ്കൊണ്ട് തൊഴിൽ മേഖലയാകെ തകർന്നശേഷം കരകയറുന്നതിന് ഇടയിലാണ് ഇന്ധന വിലക്കയറ്റം ഇടിത്തീ പോലെ വരുന്നത്.
ജനത്തിെൻറ കഷ്ടത കാണാതിരിക്കരുത്'' -വാരപ്പെട്ടി പഞ്ചായത്ത് അംഗം കൂടിയായ അബ്ദുന്നൂർ പറയുന്നു. വി.എം. മുസ്തഫയും യഅ്കൂബ് പരീതും വി. ബിനിലും പി.എം. മീരാനുമൊക്കെ ചർച്ചക്ക് കൂട്ടിനുണ്ട്. ഏത് രാഷ്ട്രീയ ചിന്താഗതിക്കാർക്കും വന്നിരിക്കാവുന്ന മലയാളം വായനശാല പൊതുപ്രശ്നങ്ങളുടെ നാഡിമിടിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.