കോതമംഗലം: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തിയ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഡോക്ടർ ഡ്യുട്ടിയിൽ ഉണ്ടോ എന്നറിയാൻ ഡിജിറ്റൽ സംവിധാനം വരെയുണ്ട്. എന്നാൽ, നിന്ന് തിരിയാൻ ഇടമില്ലാത്ത വിധമാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കുട്ടമ്പുഴയിലെ ആദിവാസി മേഖലയിൽ നിന്നുള്ളവരടക്കം ദിവസവും 800-1000 പേരാണ് ഇവിടെ ചികിത്സക്കെത്തുന്നത്. ആദിവാസികളും പ്രഥമ ചികത്സ തേടിയെത്തുന്നതിവിടെയാണ്. ആദിവാസികളെ സഹായിക്കാൻ പ്രമോട്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സൂപ്രണ്ടടക്കം 18 ഡോക്ടർമാരാണ് സേവനം അനുഷ്ഠിക്കുന്നത്. എന്നാൽ, തിക്കിനും തിരക്കിനും ഒരു കുറവുമില്ല. വാർഡ് സന്ദർശനം കഴിഞ്ഞ് ഒ.പിയിൽ രോഗികളെ കാണാൻ കുറഞ്ഞ സമയം മാത്രമാണ് പല ഡോക്ടർമാരും ചെലവഴിക്കുന്നതെന്ന് പറയുന്നു.
രണ്ട് ഫിസിഷ്യന്മാർ ഉണ്ടെങ്കിലും ചില ദിവസങ്ങളിൽ ഒ.പിയിൽ ഇവരുടെ സേവനം ലഭ്യമല്ല. ഫാർമസിയിൽ ഒരു ജീവനക്കാരന്റെ ഒഴിവ് നികത്താനുണ്ട്. ഡോക്ടറെ കണ്ട ശേഷവും ദീർഘനേരം വരി നിന്നാലേ മരുന്ന് സ്റ്റോക്ക് ഉണ്ടോ എന്ന് പോലും അറിയാനാകൂ. പലരും ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ഫാർമസികളെയാണ് ആശ്രയിക്കുന്നത്.
കാർഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ നെഞ്ച് വേദനുമായി വരുന്നവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് അയക്കുകയാണ്. ഒരു മണി കഴിഞ്ഞാൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. പുതിയ കെട്ടിടങ്ങൾ പൂർത്തിയാകുന്നതിനസുരിച്ച് ജീവനക്കാരെ കൂടി നിയമിച്ചാലേ രോഗികൾക്ക് പ്രയോജനം ചെയ്യൂ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.