കോതമംഗലം: ''എനിച്ചും അറിയാം മാജിക്'' കൈയിൽ ചുരുട്ടിപ്പിടിച്ച പേപ്പറുമായി അമ്മയോടൊപ്പം സ്റ്റേജിലേക്ക് എത്തിയ ശ്രേയസ്സിന്റെ ഈ വാക്കുകൾ കേട്ട് ഗോപിനാഥ് മുതുകാട് ഒന്നമ്പരന്നു. പേപ്പർ കുഴൽപോലെയാക്കി ''എന്തെങ്കിലും കാണുന്നുണ്ടോ'' എന്നായി അടുത്ത ചോദ്യം. ''ഇല്ല'' എന്ന് സദസ്സ് ഒന്നടങ്കം പറഞ്ഞ നിമിഷം വർണ റിബൺ പേപ്പർ ചുരുളിൽനിന്ന് പുറത്തെടുത്ത ശ്രേയസ്സിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തി. കൊച്ചു മജീഷ്യനെ വാരിയെടുത്ത ഗോപിനാഥ് മുതുകാട് നെറുകയിലും കവിളിലും ഉമ്മ നൽകി. കോതമംഗലം പീസ് വാലിയിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള ഏർലി ഇന്റർവെൻഷൻ സെന്ററ്റിന്റെ കുടുംബ സംഗമത്തിലായിരുന്നു ശ്രേയസ്സിന്റെ പ്രകടനം. സംഗമത്തിന്റെ ഉദ്ഘാടനം ഗോപിനാഥ് മുതുകാട് നിർവഹിച്ചു. വളർച്ചാപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി ശാസ്ത്രീയ ചികിത്സകളിലൂടെ കുട്ടികളെ സാധാരണ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന സംവിധാനമാണ് ഏർലി ഇന്റർവെൻഷൻ സെന്റർ.
കുട്ടികൾക്കാവശ്യമായ എല്ല തെറപ്പികളും ഒരു കുടക്കീഴിൽ ശാസ്ത്രീയമായി സംവിധാനിച്ചിട്ടുണ്ട്. നവജാത ശിശുക്കൾ മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് സേവനം ലഭ്യമാകുന്നത്. ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച സെന്ററിൽ 96 കുട്ടികളാണ് നിലവിൽ വ്യത്യസ്ത തെറപ്പികൾക്ക് വിധേയരാകുന്നത്.
സൗജന്യമായാണ് പ്രവർത്തനം. തൃശൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റിഷൻ കേന്ദ്രത്തിലെ ഓട്ടിസം സ്കൂൾ കോഓഡിനേറ്റർ പി. നീതു രക്ഷിതാക്കൾക്കായി നടത്തിയ പഠന സെഷൻ ശ്രദ്ധേയമായി. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷാരായ സീമ ജി. നായർ, രാജീവ് പള്ളുരുത്തി, കെ.എ. ഷമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.