കോതമംഗലം: ചെറുവട്ടൂരില്‍ അംഗന്‍വാടി അധ്യാപിക നിനി കൊല്ലപ്പെട്ടിട്ട് 15 വര്‍ഷം തികഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാകാതെ അന്വേഷണ ഏജന്‍സികള്‍. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. സമാനമായ മാതിരപ്പിള്ളി ഷോജി വധക്കേസില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം കുറ്റവാളിയെ കണ്ടെത്തിയിരുന്നു.
2009 മാര്‍ച്ച് 11 നാണ് ചെറുവട്ടൂര്‍ കരിപ്പാലാക്കുടി ബിജുവിന്റെ ഭാര്യ നിനി തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന്റെ പേരില്‍ പരിസരപ്രദേശങ്ങളിലുള്ള നിരപരാധികളായ നിരവധി ചെറുപ്പക്കാരെ മാസങ്ങളോളം ചോദ്യം ചെയ്യുകയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ യഥാർഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടന്നോ എന്ന് സംശയിക്കുന്നതായി പി.ഡി.പി നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഖാദര്‍ ആട്ടായം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷറഫ് ബാവ, ടി.എം. അലി, ടി.എച്ച്. ഇബ്രാഹീം, ഷാജി ഊരംകുഴി, ടി.എം. സിറാജ്, ഷിയാസ് കുരുംബിനാംപാറ , കെ.എം. സൈഫുദ്ദീന്, റിന്സാബ് ഇരമല്ലൂര്‍, റമിന്‍സ് കക്കാട്ട്, പരീത് എടയാലില്‍, ജമാല്‍ പാറേക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.