കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് കൊല്ലപ്പെട്ടത് കഴുത്തിൽ ആഴത്തിലേറ്റ മുറിവ് മൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. കഴുത്തിന്റെ ഇടതുവശത്തായി 12 സെൻറീമീറ്റർ നീളത്തിലും രണ്ട് സെന്റീമീറ്റർ ആഴത്തിലുമുള്ള മുറിവിൽനിന്ന് രക്തം വാർന്നാണ് മരണം. മൂർച്ചയേറിയ ചെറിയ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നെന്നാണ് നിഗമനം. ചെവിക്ക് സമീപവും പിൻകഴുത്തിലും കൈകളിലുമായി വലുതും ചെറുതുമായി 11 മുറിവുകളും വീണ് പരിക്കേറ്റതിന്റെ അടയാളവും ശരീരത്തിലുണ്ട്. തലക്ക് അടിയേറ്റ് രക്തം വാർന്നാണ് മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.
ധരിച്ചിരുന്ന മാലയും വളകളുമായി എട്ട് പവൻ സ്വർണം മാത്രമാണ് നഷ്ടപ്പെട്ടത്. സമീപത്തെ അലമാരയിലുണ്ടായിരുന്ന 15 പവൻ സ്വർണം നഷ്ടപ്പെടാത്തത് കൊലപാതകം കവർച്ചക്ക് വേണ്ടിയായിരുന്നോയെന്ന് പൊലീസിനെ കുഴക്കുന്നു. വീടിനോട് ചേർന്ന പഴയ തറവാട് വീട്ടിൽ താമസിക്കുന്ന മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും നിർണായക വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. തെളിവെടുപ്പിന് കൊണ്ടുവന്ന പൊലീസ്നായ് വീടിന്റെ പരിസരത്തുനിന്ന് മണം പിടിച്ച് കീരംപാറ ടൗണിലെത്തി ഭൂതത്താൻകെട്ട് റോഡിലേക്ക് 50 മീറ്റർ ഓടിയ ശേഷം തട്ടേക്കാട് റോഡിലേക്ക് തിരിഞ്ഞുനിന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. സംശയകരമായ സാഹചര്യത്തിൽ കണ്ട കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 50ഓളം പേരെ ചോദ്യം ചെയ്തെങ്കിലും നിർണായക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നറിയുന്നത്. റെയിൽവേ സ്റ്റേഷനുകളിലും മറ്റും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ധർമഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ചേലാട് സെന്റ് സ്റ്റീഫൻസ് ബത്സ് അനിയ വലിയപള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.