കോതമംഗലം: ചികിത്സക്കായി ചെലവാക്കിയ പണം ഇൻഷുറൻസ് ക്ലെയിമായി നൽകാത്ത കമ്പനിക്കെതിരെ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉപഭോക്തൃ കോടതി വിധി. കോതമംഗലത്ത് സ്ക്രാപ്പ് ഉൽപന്നങ്ങൾ കച്ചവടം ചെയ്യുന്ന ടി.ഇ. മുഹമ്മദിന്റെ പരാതിയിലാണ് വിധി. ഇദ്ദേഹം കോതമംഗലം കനറാ ബാങ്കിൽ 16,000 രൂപ അടച്ച് അവർ കോർപറേറ്റ് ഏജൻറായി പ്രവർത്തിക്കുന്ന അപ്പോളോ മ്യൂണിക് ആരോഗ്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസിയെടുത്തിരുന്നു. മാസങ്ങൾക്ക് ശേഷം മുഹമ്മദിന് ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് 2020 ഏപ്രിലിൽ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കായി 3,85,218 രൂപ ചെലവായി. എന്നാൽ, ബന്ധപ്പെട്ട രേഖകൾ എല്ലാം ഹാജരാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഇൻഷുറൻസ് ക്ലെയിം നൽകിയില്ല എന്നായിരുന്നു പരാതി.
ഒടുവിൽ മുഹമ്മദ് എറണാകുളം ഉപഭോക്തൃ കോടതിയിൽ കനറാ ബാങ്കിനെയും അപ്പോളോ മ്യൂണിക് ഇൻഷുറൻസ് കമ്പനിയെയും എതിർകക്ഷികളാക്കി ഹരജി ഫയൽ ചെയ്തു. ഗുരുതരമായ സേവനവീഴ്ച ഉണ്ടായതായി കണ്ടെത്തിയ ഉപഭോക്തൃ കമീഷൻ പ്രസിഡൻറ് ഡി.ബി. ബിനു, കമീഷൻ അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അടങ്ങിയ ഉപഭോക്തൃ കോടതി ഹരജിക്കാരന് ഇൻഷുറൻസ് ക്ലെയിമായ 3,85, 218 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവ് 5000 രൂപയും ഒമ്പത് ശതമാനം പലിശയും ഒന്നും രണ്ടും എതിർകക്ഷികൾ നൽകാൻ വിധിച്ചു. ഹരജിക്കാരനുവേണ്ടി ഉപഭോക്തൃ പ്രവർത്തകനായ ഗോപാലൻ വെണ്ടുവഴി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.