കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെയും ആലുവ മൂന്നാർ റോഡിലെയും അശാസ്ത്രീയ നവീകരണ പ്രവർത്തനങ്ങൾ രണ്ട് ദിവസം കൊണ്ട് മൂന്ന് യുവാക്കളുടെ ജീവൻ കവർന്നു. ശനിയാഴ്ച രാവിലെ 11.30ന് കൊച്ചി- ധനുഷ്കോടി പാതയിൽ നെല്ലിമറ്റത്ത് ഉണ്ടായ അപകടത്തിൽ മൂവാറ്റൂപുഴ ഈസ്റ്റ് വാഴപ്പിള്ളി വെള്ളത്തിനാനിക്കൽ ബേസിൽ ജോയിയും ആലുവ മൂന്നാർ റോഡിൽ നെല്ലിക്കുഴി കമ്പനിപ്പടിക്ക് സമീപം ഞായറാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ എടവനക്കാട് സ്വദേശികളായ അമാനുദ്ദീൻ, മുഹമ്മദ് സാജിദ് എന്നിവരും മരണപ്പെടുകയായിരുന്നു. ദേശീയപാത വികസന ഭാഗമായി കാനനിർമ്മാണം നടക്കുന്നിടത്താണ് ആദ്യ അപകടം. അപകടത്തിൽപ്പെട്ട മൂന്ന് വാഹനങ്ങളും കാനക്കായി തീർത്ത കുഴിയിൽ വീഴുകയായിരുന്നു.
ആലുവ - മൂന്നാർ റോഡിൽ 12 കോടിയോളം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തി ഒരു വർഷത്തോടടുക്കുകയാണ്. ഈ റോഡിൽ പലയിടത്തും കാനകൾ പൂർത്തിയാക്കിയിട്ടില്ല. പൂർത്തിയാക്കിയിടത്ത് കാനകൾ കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് മൂടിയിട്ടുമില്ല. കാനയും റോഡും വേർതിരിക്കാൻ അടയാളങ്ങളോ സംരക്ഷണ വേലികളോ ഇല്ല. കാനകൾ കാട് പടർന്ന നിലയിലുമാണ്. അപകടങ്ങൾ തുടർക്കഥയാകുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് കോതമംഗലം ഗാന്ധിസ്ക്വയറിന് മുന്നിൽ ദേശീയപാത ഉപരോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.