കോതമംഗലം: കടുവപ്പേടിയിൽ കുട്ടമ്പുഴ നിവാസികളും. കീരംപാറ പഞ്ചായത്തിലെ ഭൂതത്താൻകെട്ട്, കൂട്ടിക്കൽ ഭാഗത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്നതിന് പിന്നാലെയാണ് ജനവാസ മേഖലയായ കുട്ടമ്പുഴ കുറ്റിയാംചാലിൽ റോഡ് മുറിച്ചുകടന്ന് പോകുന്ന കടുവയെ കണ്ടത്.
ബുധനാഴ്ച രാത്രി 11ഒാടെ കാറിലെത്തിയ യുവാക്കളാണ് കുറ്റിയാംചാലിൽ കടുവയെ കണ്ടത്. കുട്ടമ്പുഴ പൂയംകുട്ടി റോഡിൽ സീനായ്ക്കുന്ന് പള്ളിക്കുസമീപം റോഡിലേക്ക് കടുവ ചാടുകയായിരുന്നു. പയ്യാലയിൽ പി.സി. ബിജുവിനെ ഇറക്കാനായി കാർ നിർത്തിയപ്പോഴാണ് കടുവയെ കണ്ടത്. വലതുവശത്തുനിന്ന് എത്തിയ കടുവ റോഡ് കുറുകെ കടന്ന് കൃഷിയിടത്തിലേക്ക് പോകുന്നത് കാറിന്റെ വെളിച്ചത്തിൽ ഇവർ കണ്ടു. തുടർന്ന് നാട്ടുകാർ സംഘടിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വ്യാഴാഴ്ച രാവിലെ വനപാലകരെത്തി പരിശോധിച്ച് കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു. മൂന്നുമാസം മുമ്പ് ഇവിടെ ആടിനെ കാണാതായിരുന്നു. അന്ന് കാമറകൾ സ്ഥാപിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഭൂതത്താൻകെട്ട് കൂട്ടിക്കലിൽ കണ്ടെത്തിയ കടുവയുടെ കാൽപാടുകൾ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. അതിൽ നടപടികൾ വൈകുന്നതിനിടെയാണ് ജനവാസമേഖലയിൽ കടുവ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.