കോതമംഗലം: കാറ്റിലും മഴയിലും താലൂക്കിലെ മൂന്ന് വില്ലേജുകളിൽ വ്യാപക നാശം. ചൊവ്വാഴ്ച രാവിലെ പത്തരയോടെ മഴക്കൊപ്പം വീശിയ കൊടുങ്കാറ്റിൽ കോതമംഗലം, തൃക്കാരിയൂർ, കുട്ടമംഗലം വില്ലേജുകളിലാണ് വ്യാപക നാശം നേരിട്ടത്. കോതമംഗലം വില്ലേജിൽ രണ്ട് വീടുകൾ പൂർണമായും ആറ് വീടുകളുടെ മേൽക്കൂരയും 48 വീടുകൾ ഭാഗികമായും തകർന്നു.
തൃക്കാരിയൂരിൽ ആറും കുട്ടമംഗലത്ത് അഞ്ചും വീട് ഭാഗികമായും തകർന്നു. വലിയ പാറ കോട്ടപ്പുറം മത്തായി വർക്കി മകൻ അജു മാത്യുവിന് ഓട് വീണ് തോളിന് പരിക്കേറ്റു. കോതമംഗലം വില്ലേജിലെ വലിയപാറ, പാറായിത്തോട്ടം പ്രദേശങ്ങളിലാണ് കൂടുതൽ നാശം.
വലിയപാറ കൗങ്ങുംപിള്ളി ഇല്ലം കെ.എൻ. മണി, പുന്നോർക്കോടൻ സിബി എന്നിവരുടെ വീടുകളാണ് താമസയോഗ്യമല്ലാതായത്. മരംവീണും കാറ്റിൽ മേൽക്കൂര പറന്നുമാണ് വീടുകളുടെ നാശം. തണ്ടിക, തൊഴുത്ത് തുടങ്ങി മറ്റു കെട്ടിടങ്ങൾക്കും നാശമുണ്ട്. വാഴ, തെങ്ങ്, കമുക്, ജാതി, റബർ, കപ്പ, റംബൂട്ടാൻ ഉൾപ്പെടെയുള്ള കൃഷികളും വൻ മരങ്ങളും ഒടിഞ്ഞു. വ്യാപകമായി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് ലൈൻ പൊട്ടി വീണു.
മരങ്ങളും വൈദ്യുതി പോസ്റ്റും വീണ് ഒട്ടേറെ റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. തൃക്കാരിയൂർ കാഞ്ഞിരക്കാട്ട് സജീവിന്‍റെ വീടിന്‍റെ മേൽക്കൂര പൂർണമായും കാറ്റെടുത്തു. കാഞ്ഞിരക്കാട്ട് ഷാജിയുടെ വീടിന് മുകളിലേക്ക് തെങ്ങും തേക്കും മറിഞ്ഞു വീണു.
മുൻ നഗരസഭ ചെയർപേഴ്സൻ നിമ്മി നാസറിന്‍റെ വീടിന് മുകളിൽ തേക്ക് ഒടിഞ്ഞു വീണു. കോതമംഗലം- തട്ടേക്കാട് റോഡിൽ ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി. തൃക്കാരിയൂർ-കോട്ടപ്പടി റോഡിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മലയൻകീഴ് - നാടുകാണി റോഡും ഏറെ നേരം തടസ്സം നേരിട്ടു.
കെ.എസ്.ഇ.ബിക്ക് 18 ലക്ഷത്തിന്‍റെ നഷ്ടം
കോതമംഗലം: കാറ്റിൽ വൈദ്യുതി വകുപ്പിന് 18 ലക്ഷം രൂപയുടെ നഷ്ടം. ഇരുപത് 11 കെ.വി വൈദ്യുതിക്കാലുകളും 70 വൈദ്യുതക്കാലുകളുമാണ് ഒടിഞ്ഞത്. 200 ഇടത്ത് വൈദ്യുതി വിതരണ കമ്പികൾ പൊട്ടിയിട്ടുണ്ട്. തങ്കളം തൃക്കാരിയൂർ റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തെ എല്ലാ വൈദ്യുതകാലുകളും പൂർണമായും തകർന്നു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ താമസം നേരിടും.
കോതമംഗലത്ത് ഒരു കോടിയുടെ കൃഷിനാശം
കോതമംഗലം: കാറ്റിൽ കോതമംഗലം, കവളങ്ങാട് കൃഷിഭവനുകൾക്ക് കീഴിലാണ് ഏറ്റവും അധികം കൃഷിനാശം സംഭവിച്ചത്. കോതമംഗലത്ത് മാത്രം ഒരു കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക കണക്ക്. കവളങ്ങാട് 25 ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു.
മലയിൻകീഴ്, ഗോമേന്തപ്പടി, വലിയ പാറ, കുത്തുകുഴി പ്രദേശങ്ങളിലാണ് വ്യാപക നാശം. 10000 ത്തിലധികം വാഴകളാണ് വിവിധ കർഷകർക്ക് കാറ്റിൽ നഷ്ടപ്പെട്ടത്. മനോജ് തെക്കേക്കരയുടെ 800 കുലച്ച എത്ത വാഴ, ഇലഞ്ഞിക്കൽ മാർട്ടിൻ സണ്ണിയുടെ ഒരേക്കർ സ്ഥലത്തെ റംബൂട്ടാൻ മരങ്ങൾ, പുളിക്കൽ ബിജോയിയുടെ 300 ഏത്ത വാഴ, പൊട്ടയ്ക്കൽ സജിയുടെ 200 ഏത്തവാഴ, മുകളേൽ എൽദോസ് എസ്തേറിന്‍റെ 300 ഏത്തവാഴ, പോത്താനിക്കാട് മാത്യു ജോസഫിന്‍റെ കായ്ഫലമുള്ള 60 ജാതി മരങ്ങളും കാറ്റിൽ നിലം പതിച്ചു.
കുത്തുകുഴി എബ്രാമഠത്തിൽ മനോജ്, കോട്ടേക്കുടി ജോളി എന്നിവരുടെ 1000ത്തിലധികം വാഴകളും നശിച്ചു. കവളങ്ങാട് 5000 ത്തിലധികം വാഴകൾ നശിച്ചു. കൂടാതെ 150 റബർ, 50 ൽപ്പരം ജാതി മരങ്ങളും നശിച്ചതായാണ് ആദ്യ കണക്കുകൾ.60 കർഷകർക്കായി 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാപ്പിലാം വീട്ടിൽ സാജു ജോളിയുടെ 1000 ഏത്തവാഴ, പരീക്കണ്ണി പീണ്ടാപ്പാറ നവാസിന്‍റെ 700 ഏത്തവാഴകളും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.