കോതമംഗലം: രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമെത്തിയ ജില്ല സ്കൂൾ കായികമേളയിൽ കോതമംഗലം ഉപജില്ലയുടെ കുതിപ്പ്. 19ാമത് എറണാകുളം റവന്യൂ ജില്ല സ്കൂൾ കായികമേളക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളജ് (എം.എ കോളജ്) ഗ്രൗണ്ടിൽ തിരിതെളിഞ്ഞപ്പോൾ കോതമംഗലം ഉപജില്ല ആദ്യദിനം 115 പോയന്റുമായി തങ്ങളുടെ പ്രതാപം വിളിച്ചറിയിച്ച് മുന്നേറുന്നു. 41 പോയന്റുമായി അങ്കമാലി ഉപജില്ലയും 37 പോയന്റുമായി എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്കൂളുകളിൽ ഏഴ് സ്വർണം, ഏഴ് വെള്ളി, നാല് വെങ്കലവുമായി 60 പോയന്റുമായി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ കോതമംഗലമാണ് ഒന്നാംസ്ഥാനത്ത്.
നാല് സ്വർണം മൂന്ന് വെള്ളി രണ്ട് വെങ്കലം അടക്കം 31പോയന്റുമായി ഗവ. വി.എച്ച്.എസ് മാതിരപ്പിള്ളി രണ്ടാമതും രണ്ട് സ്വർണം ഒരു വെള്ളി, ഒരു വെങ്കലം നേടി 14 പോയന്റുമായി ജി.എച്ച്.എസ് മണീട് മൂന്നാംസ്ഥാനത്തുമാണ്. മേളയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.കെ. ടോമി നിർവഹിച്ചു. മൂന്നുദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മേളയിൽ 14 വിദ്യാഭ്യാസ ഉപജില്ലകളിൽനിന്ന് വിജയിച്ചെത്തിയ രണ്ടായിരത്തിൽപരം കായികതാരങ്ങളാണ് മാറ്റുരക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ അധ്യക്ഷതവഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ പതാക ഉയർത്തി. നഗരസഭ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. നൗഷാദ്, സിജോ വർഗീസ്, കെ.വി. തോമസ്, ബിൻസി തങ്കച്ചൻ, രമ്യ വിനോദ്, വാർഡ് കൗൺസിലർമാർ മേളയുടെ വിവിധ കമ്മിറ്റി ഭാരവാഹികൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.