കോതമംഗലം: പട്ടയം ആവശ്യപ്പെട്ട് സമരം ചെയ്യുന്നവർ ഓഫിസിന് മുകളിൽ കയറി നിലയുറപ്പിച്ചതോടെ കടവൂർ വില്ലേജ് ഓഫിസിൽ നാടകീയ രംഗങ്ങൾ. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആറ് മാസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് സമരക്കാർ ഓഫിസിന് മുകളിൽനിന്ന് ഇറങ്ങിയത്.
രണ്ടാഴ്ചയായി മാവിൻതൊട്ടി നിവാസികളായ 50ൽപരം കുടുംബങ്ങൾ, താമസിക്കുന്ന സ്ഥലത്തിന് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫിസിന് മുന്നിൽ സമരം നടത്തുകയാണ്. കാലങ്ങളായി ഇവിടെ കഴിയുന്ന കുടുംബങ്ങളെ സർക്കാറിെൻറ നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടും പട്ടയം അനുവദിക്കാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കംകുറിക്കുകയായിരുന്നു. സമരം ആരംഭിച്ച ദിവസം തഹസിൽദാർ കലക്ടറുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. തുടർന്നാണ് തിങ്കളാഴ്ച രാവിലെ സ്ത്രീ അടക്കം നാലുപേർ വില്ലേജ് ഓഫിസിെൻറ മേൽക്കൂരയിൽ കയറി നിലയുറപ്പിച്ചത്.
വിവരമറിഞ്ഞ് മുവാറ്റൂപുഴ ആർ.ഡി.ഒ ടി.എ. അനി, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ എത്തി. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. പട്ടയത്തിന് അർഹതയുള്ളവരാണെന്നും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതിനാലാണ് നടപടികൾ നീണ്ടുപോയതെന്നും ഉദ്യോഗസ്ഥർ ധരിപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ ആറ് മാസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് കലക്ടർ അറിയിച്ചു. ആർ.ഡി.ഒ ഈ തീരുമാനം അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.