കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പതിനൊന്നാം വാർഡിൽ അയിരൂർപാടം ഭാഗത്ത് മൂന്ന് ദിവസമായി തുടർച്ചയായി കാട്ടാന ശല്യം തുടരുന്നു. കോട്ടപ്പടി പഞ്ചായത്തിൽ നാല്, അഞ്ച് വാർഡുകളോട് ചേർന്ന പ്രദേശമാണ് ഇവിടം. കോട്ടപ്പടി പഞ്ചായത്ത് അഞ്ചാം വാർഡിൽ മങ്ങാരത്ത് വർഗ്ഗീസ്കുട്ടിയുടെ പുരയിടത്തിൽ കാട്ടാനയും കാട്ടു പന്നിയും എത്തി.
മോളത്താൻ എബിയുടെ പുരയിടത്തിലെ മുപ്പതോളം വാഴകൾ ആനകൾ നശിപ്പിച്ചു. വാർഡ് അംഗം ലാലി ജോയിയുടെ പുരയിടത്തിൽ ഉണ്ടായിരുന്ന കപ്പ കൃഷിയും നശിപ്പിച്ചു. തൊട്ടു ചേർന്നുള്ള അരാക്കൽ മത്തായിയുടെ പുരയിടത്തിൽ നിൽക്കുന്ന പ്ലാവിലെ ചക്കകൾ ആന തിന്നു.
ആനകൾ കരിമ്പനക്കൽ പൈലിയുടെ പുരയിടത്തിൽ കയറി കാവലക്കുടി ബോസിന്റെ പുരയിടത്തിലൂടെ ഇക്കരക്കുടി ഉസ്മാന്റെ പൈനാപ്പിൾ കൃഷിയിലൂടെ കടന്ന് അമ്മച്ചി കോളനിയിലെ അംഗൻവാടിയുടെ സമീപം വരെയെത്തി. ഇതോടെ പ്രദേശ വാസികൾ ഭയചകിതരാണ്.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്ന വിധമുള്ള നടപടികൾ സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് വാർഡ് മെമ്പർ ലാലി ജോയി ആവശ്യപ്പെട്ടു.
കോതമംഗലം: പ്രദേശവാസികളെ ഭീതിലാക്കി മാമലകണ്ടത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനകൂട്ടം. ഇടക്ക് ഒറ്റയായും കൂട്ടമായും ആനകൾ ഇറങ്ങാറുണ്ടങ്കിലും ജനവാസ മേഖലയിൽ തുടർച്ചയായി ആനകൾ തങ്ങാറില്ല. വെള്ളിയാഴ്ച രാവിലെ മാമലകണ്ടം റേഷൻ ഷോപ്പിന് സമീപത്തെ കൊയിനിപ്പാറ ഭാഗത്ത് കൊമ്പനും പിടിയും കുഞ്ഞുമടങ്ങുന്ന ഏഴ് ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. ആന ഭീഷണിയിൽ നിന്നും നാട്ടുകാരെയും കാർഷിക വിളകളേയും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.