മൂവാറ്റുപുഴ: നെഞ്ചുവേദനയെത്തുടർന്ന് അബോധാവസ്ഥയിലായ യാത്രക്കാരിക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയിലെ പാലക്കാട് സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാരിയെ ജീവനക്കാർ തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
കഴിഞ്ഞ ശനിയാഴ്ച മല്ലപ്പള്ളിയില്‍നിന്ന് പാലക്കാട്ടേക്ക് പോകുന്നതിനിടെ തിരുവനന്തപുരം പാലോട് സ്വദേശി ബീനക്കാണ് (47) അസ്വസ്ഥത അനുഭവപ്പെട്ടത്. ബസ് പേഴയ്ക്കാപ്പിള്ളിയില്‍ എത്തിയതോടെ ഇവർ അബോധാവസ്ഥയിലായി. ഭര്‍ത്താവ് അരുണ്‍കുമാര്‍ ഉടന്‍ ഡ്രൈവര്‍ പ്രസാദ്, കണ്ടക്ടര്‍ ജുബിന്‍ എന്നിവരോട് സഹായം അഭ്യർഥിച്ചു. ഉടന്‍ ബസ് നിര്‍ത്തി സമീപത്തെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും സജ്ജീകരണങ്ങളുടെ അഭാവംമൂലം ഇവിടെ പ്രവേശിപ്പിക്കാനായില്ല.
ഇതോടെ ബസ് തിരിച്ച് തൊട്ടടുത്തെ സബൈന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തക്കസമയത്തുതന്നെ ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവന് രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബസ് അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കെ.എസ്.ആര്.ടി.സി അധികൃതര്‍ പിന്നീട് പങ്കുവെച്ചു.
പ്രസാദിനെയും ജുബിനെയും അഭിനന്ദിക്കുന്നതായും വിഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ആശുപത്രി ജീവനക്കാരോടും മാനേജ്മെന്റിനോടും അവശതയിലായ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരേ മനസ്സ് കാണിച്ച ബസിലെ യാത്രക്കാര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു കെ.എസ്.ആർ.ടി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.