മട്ടാഞ്ചേരി: കുടുംബശ്രീ വായ്പയുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ് അന്വേഷണം ഒരു വർഷമാകുമ്പോഴും മരവിച്ച നിലയിൽ. കുടുംബശ്രീയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്ന രീതിയിൽ നടന്ന തട്ടിപ്പിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. മുഴുവൻ പ്രതികളേയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ് വാക്കായി. കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരിൽ വ്യാജ രേഖകൾ നിർമിച്ചാണ് കോടികളുടെ തട്ടിപ്പ് നടന്നത്. മട്ടാഞ്ചേരി അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു കേസ് അന്വേഷണം.
തുടക്കത്തിൽ വലിയ ശുഷ്കാന്തിയോടെയായിരുന്നു അന്വേഷണമെങ്കിലും പിന്നീട് കാര്യമായി മുമ്പോട്ടുപോയില്ല. ഉന്നതരിലേക്ക് എത്തുമെന്ന ഘട്ടം വന്നപ്പോൾ അന്വേഷണം മന്ദഗതിയിലായതായി ആരോപണം ഉയർന്നിരുന്നു. പിടിയിലായ പള്ളുരുത്തി സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് കേസിന്റെ തുടക്കത്തിൽ പൊലീസ് പറഞ്ഞെങ്കിലും തുടരന്വേഷണം ചില പരിശോധനകളിലും മറ്റും ഒതുങ്ങിയ സാഹചര്യമാണ് പിന്നീടുണ്ടായത്. തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വീട്ടമ്മമാർ പരാതിയുമായി രംഗത്തുവന്നെങ്കിലും കാര്യമായ പൊലീസ് നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം.
പിടിയിലായ സ്ത്രീകൾ തട്ടിപ്പിലെ വെറും കണ്ണികൾ മാത്രമാണെന്നും വമ്പൻമാർ പിന്നിലുണ്ടെന്നും അന്നേ ആക്ഷേപം ഉയർന്നിരുന്നു. പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖലകളിലായിരുന്നു വായ്പ തട്ടിപ്പ് സംബന്ധിച്ച് പരാതി ഉയർന്നത്.
ഇതിൽ പളളുരുത്തിയിലെ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തത് ഒഴിച്ചാൽ മറ്റൊന്നുമുണ്ടായില്ല. ഇത് സംബന്ധിച്ച് പൊതു പ്രവർത്തകൻ ഹാരിസ് അബു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കേസിൽ അന്വേഷണം നടക്കുന്നുവെന്ന പതിവ് പല്ലവി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് പൊലീസ്. നടപടി മരവിച്ചതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന ആക്ഷേപവും ഇതോടെ ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.