കുമ്പളങ്ങിക്ക് നിറച്ചാർത്തായി ഓപൺ ബിൽ സ്റ്റോർക്കുകളെത്തി

പള്ളുരുത്തി: ഓപണ്‍ ബില്‍ സ്‌റ്റോര്‍ക് ഇനത്തിൽപെട്ട കൊക്കുകൾ ദേശാടനത്തിന്‍റെ ഭാഗമായി കൂട്ടത്തോടെ കുമ്പളങ്ങിയിലെത്തി. കുമ്പളങ്ങി-കണ്ടക്കടവ് റോഡിന് ഇരുവശമുള്ള ചതുപ്പുനിലത്താണ് പക്ഷികൾ കൂട്ടമായി എത്തിയത്. ഓപണ്‍ ബില്‍ സ്‌റ്റോര്‍ക്കുകളെ ചേരാ കൊക്കൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിൽ പൊതുവെ ഇവ കൂട് കൂട്ടാറില്ല. ഭക്ഷണത്തിനായി കൂട്ടത്തോടെ പറന്നിറങ്ങി ആഴ്ചകൾ കഴിഞ്ഞ് മറ്റൊരിടത്തേക്ക് പോകാറാണ് പതിവ്.

എന്നാൽ, കഴിഞ്ഞ വർഷം തിരൂർ തിരുനാവായ തുരുത്തിയിൽ ചേരാ കൊക്കൻ മുപ്പതോളം കൂട് വെച്ചതായി പക്ഷി നിരീക്ഷകർ കണ്ടെത്തിയിരുന്നു. തുടർന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുകയും ആർ.ഡി.ഒ ഈ പ്രദേശത്ത് എയർ ഗൺ ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. ഏഷ്യൻ ഓപൺ ബിൽ, ആഫ്രിക്കൻ ഏഷ്യൻ ബിൽ എന്നിങ്ങനെ രണ്ട് തരം ഓപൺ ബിൽ സ്റ്റോർക്കുകളുണ്ട്. എ ഒസിറ്റൻസ് എന്ന ശാസ്ത്രീയ നാമമുള്ള ഏഷ്യൻ ഓപൺ ബില്ലുകളാണ് കുമ്പളങ്ങിയിൽ എത്തിയിട്ടുള്ളത്.

തിളങ്ങുന്ന കറുത്ത ചിറകുകളും ചാരയോ വെള്ളയോ നിറത്തിലുള്ള തൂവലുകളും വാലുമാണ് ഇവക്കുള്ളത്. മുതിർന്ന പക്ഷികളിൽ കമാനാകൃതിയിൽ മുകളിലെ താടിയെല്ലിനും താഴത്തെ താടിയെല്ലിനും ഇടയിൽ ഒരു വിടവുണ്ട്. ഈ വിടവ് ഇല്ലാത്തവ പ്രായമാകാത്ത പക്ഷികളാണ്. ഒച്ചുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. മത്സ്യകൃഷി അവസാനിച്ച് നെൽകൃഷിയിറക്കാൻ വെള്ളം വറ്റിക്കുന്ന സമയത്താണ് ഇവ കുമ്പളങ്ങിയിലേക്ക് എത്തുന്നത്. രണ്ടു വർഷം മുമ്പ് അഞ്ഞൂറിലധികം ചേരാ കൊക്കുകൾ കുമ്പളങ്ങിയിലെത്തിയെന്നും ഒരാഴ്ച കഴിഞ്ഞപ്പോൾ മറ്റൊരിടത്തേക്ക് പോയതായും പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ പി.പി. മണികണ്ഠൻ പറഞ്ഞു.

Tags:    
News Summary - Kumbalangi has reached the open bill stores in full color

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.