ഉമ തോമസ്​ വീണ സംഭവം: മൂന്നു പേർക്ക് കൂടി​ കാരണം കാണിക്കൽ നോട്ടിസ്​

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിക്കിടെ വേദിയിൽ നിന്ന്‌ വീണ്‌ ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മൂന്നു പേർക്കെതിരെ കൂടി കോർപറേഷൻ നടപടി. ഇവർക്ക് കോർപറേഷൻ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഹെൽത്ത് ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ, ഇടപ്പള്ളി സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

നേരത്തേ, കലൂർ പതിനാറാം സർക്കിളിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടറെ സസ്‌പെൻഡ്‌ ചെയ്തിരുന്നു. അന്വേഷണ ഭാഗമായി ബുക്ക്‌ മൈ ഷോ ആപ്‌ അധികൃതരോടും പരിപാടിയുടെ സംഘാടകരോടും ഇതുമായി ബന്ധപ്പെട്ട രേഖകൾ കോർപറേഷൻ തേടിയിട്ടുണ്ട്‌.

ഇതിനിടെ, കേസിൽ അറസ്‌റ്റിലായ നാല്‌ പ്രതികളുടെയും ഇടക്കാല ജാമ്യം ചൊവ്വാഴ്‌ച അവസാനിക്കും. മൃദംഗനാദം നൃത്തപരിപാടിയുടെ മുഖ്യസംഘാടകൻ മൃദംഗ വിഷൻ എം.ഡി എം. നിഗോഷ് കുമാർ, മൃദംഗ വിഷൻ സി.ഇ.ഒ എ. ഷമീർ, പരിപാടിക്ക്‌ ക്രമീകരണങ്ങൾ ഒരുക്കിയ ഇവന്‍റ്​സ്‌ ഇന്ത്യ പ്രൊപ്രൈറ്റർ വാഴക്കാല സ്വദേശി കൃഷ്‌ണകുമാർ, താൽക്കാലിക വേദി തയാറാക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി എന്നിവരുടെ ഇടക്കാല ജാമ്യമാണ്‌ അവസാനിക്കുക. എറണാകുളം ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്‌.

മൂന്നാം പ്രതി ഓസ്‌കർ ഇവന്‍റ്​ മാനേജ്‌മെന്‍റ്​ ഉടമ തൃശൂർ പൂത്തോൾ സ്വദേശി പി.എസ്‌. ജനീഷിന്‍റെ അറസ്റ്റ്‌ ഉടനെയുണ്ടാവുമെന്നും സൂചനയുണ്ട്‌. മൃദംഗനാദം നൃത്ത പരിപാടിയിൽ പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ പൊലീസ്‌ ശേഖരിച്ചു വരുകയാണ്‌.

Tags:    
News Summary - Uma Thomas Incident: Show cause notice to three more people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.