കൊച്ചി: മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കിന്റെ നവീകരണം നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചതായി ടി.ജെ. വിനോദ് അറിയിച്ചു. 6.90 കോടി രൂപ അനുവദിച്ച് സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനെയാണ് നവീകരണം നടത്തുന്നത്.
2006ൽ മഹാരാജാസ് കോളജിൽ നിർമാണം പൂർത്തിയാക്കിയ സിന്തറ്റിക് ട്രാക്ക് നവീകരിക്കാൻ തീരുമാനിച്ചു. 2018ല് ആസ്തി മെയിന്റനൻസ് ഫണ്ടിൽ ഉൾപ്പെടുത്തി സിന്തറ്റിക് ട്രാക്കിനെ റീലേ ചെയ്യാനായി അപേക്ഷയും സമർപ്പിച്ചു. തുടർന്ന് പി.ഡബ്ല്യു.ഡി സ്പെഷൽ ബിൽഡിങ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 2021ൽ 6.90 കോടിയാണ് പുനർമാണത്തിനായി കണക്കാക്കി സർക്കാർ അനുമതി നൽകുകയും ചെയ്തു.
സമയബന്ധിതമായി നിർമാണം തുടങ്ങാത്തതിനാൽ മെറ്റീരിയൽ വിലവർധന, ജി.എസ്.ടി എന്നിവ കണക്കിലെടുത്ത് എസ്റ്റിമേറ്റ് തുക വർധിപ്പിക്കാനായി (8.87 കോടി) 2021ൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകി. അധിക തുക അനുവദിക്കേണ്ടതില്ല എന്ന ഫിനാൻസ് വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റി തീരുമാനിച്ചതിനാൽ പുനർക്രമീകരിച്ച എസ്റ്റിമേറ്റ് നൽകാൻ കോളജ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
തുടർന്ന് എം.എൽ.എ വിദ്യഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് 6.83 കോടിക്ക് ഈ പ്രവൃത്തികൾ ചെയ്യാമെന്ന് കണ്ടെത്തി. തുടർന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി നവീകരണം നടത്താനുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇറക്കി.ഉടൻ പ്രവൃത്തി ആരംഭിക്കാനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.