ആലുവ: ബുധനാഴ്ച അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ പ്രഫ. എസ്. സീതാരാമൻ ജില്ലക്കും പെരിയാറിനും നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണ് മണപ്പുറം കുട്ടിവനം. പെരിയാർ തീരത്ത് പച്ചപ്പ് നിറച്ചും മണപ്പുറത്തിനു തണലേകിയും നിറഞ്ഞുനിൽക്കുന്ന കുട്ടിവനം യാഥാർഥ്യമായിട്ട് പതിറ്റാണ്ടുകളായി.
പ്രഫ. എസ്. സീതാരാമെൻറ നേതൃത്വത്തിൽ ഒരുപറ്റം പരിസ്ഥിതി സ്നേഹികൾ കാൽനൂറ്റാണ്ട് മുമ്പ് തുടങ്ങിെവച്ച മഹത്തായ കർമമാണ് പിന്നീട് നഗരത്തിൽ തന്നെ വലിയൊരു വനമായി നിറഞ്ഞുനിൽക്കുന്നത്. പെരിയാറിെൻറ ജലനിരപ്പ് കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇല്ലാതാകുന്ന മണൽതിട്ടയെ സംരക്ഷിക്കാനാണ് പ്രധാനമായും വൃക്ഷങ്ങൾ െവച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. മണപ്പുറത്തോട് ചേർന്ന് രണ്ടര കിലോമീറ്റർ നീളത്തിൽ മൂവായിരത്തോളം മരങ്ങളാണുള്ളത്. കാലങ്ങളായി നഗരത്തിെൻറയും മണപ്പുറത്തിെൻറയും ശ്വാസകോശമായി നിലനിൽക്കുകയാണ് കുട്ടിവനം.
1991, 1997 വർഷങ്ങളിൽ രണ്ടുഘട്ടമായാണ് ഇവിടെ മരങ്ങൾ നട്ടത്. കെ.ആർ. രാജൻ ജില്ല കലക്ടർ ആയിരിക്കുമ്പോഴാണ് മഴക്കാലത്ത് പുഴയായി ഒഴുകിയിരുന്ന സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന പദ്ധതി ആരംഭിച്ചത്. പ്രഫ. എസ്. സീതാരാമനാണ് പദ്ധതി ജില്ല ഭരണകൂടത്തിനു സമർപ്പിച്ചത്. 1991ലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമായത്.
ചളിയിലൂടെ സഞ്ചരിച്ച് സാഹസികമായാണ് പരിസ്ഥിതി പ്രവർത്തകർ പെരിയാറിനോട് ചേർന്നുള്ള ചളി പ്രദേശത്ത് വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചത്. ചാലുകൾ കീറിയാണ് ആയിരത്തോളം വൃക്ഷത്തൈകൾ നട്ടത്. പെെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 70 ശതമാനം തൈകളും നശിച്ചു. വെള്ളമിറങ്ങിയതോടെ രണ്ടു മീറ്റർ ഉയരത്തിൽ ചളി മാത്രമാണ് ഉണ്ടായിരുന്നത്. വീണ്ടും ചാലുകീറി പരിസ്ഥിതി പ്രവർത്തകർ വൃക്ഷത്തൈകൾ നടൽ പുനരാരംഭിച്ചു.
പെരിയാറിലൂടെ ഒഴുകിയെത്തുന്ന എക്കൽ മണ്ണ് വൃക്ഷത്തൈകൾ തഴച്ചുവളരാൻ സഹായിച്ചു. 1997ൽ ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് രണ്ട് കിലോമീറ്റർ നീളത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്. ഇതിൽ ഒരു ഭാഗത്ത് മഹാഗണി മാത്രമാണ് നട്ടുവളർത്തിയത്.
65 തരത്തിലുള്ള മരങ്ങളാണ് കുട്ടിവനത്തിൽ സ്ഥിതി ചെയ്യുന്നത്. മഞ്ഞക്കൊന്ന, മരുത്, ഈട്ടി, ഞാവൽ, പാല, മഴമരം, അത്തി, ആൽ, അരയാൽ, കല്ലാൽ, ഉങ്ങ്, കാപ്പി, നെല്ലി, പൂവരശ്, പൊങ്ങില്യം, പുളി, മരോട്ടി തുടങ്ങിയ മരങ്ങളാണ് ഇവിടെയുള്ളത്. ആയിരക്കണക്കിനു പക്ഷികൾക്ക് കുട്ടിവനം കൂടൊരുക്കുകയും ചെയ്യുന്നു. കുട്ടിവനത്തിെൻറ വിജയത്തെ തുടർന്ന് 2008ൽ വനം വകുപ്പ് മണപ്പുറത്തിൻറ ഒരു ഭാഗത്ത് ഒരു കിലോമീറ്ററിൽ വനവത്കരണത്തിനു പദ്ധതിയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.