മൂവാറ്റുപുഴ: നഗരസഭയിൽ അമൃത് കുടിവെള്ള പദ്ധതിക്ക് തുടക്കമായി. മൂന്നാം വാർഡിലെ മൂന്നുകണ്ടം മിനാകോളനിവാസികൾക്ക് കുടിവെള്ള കണക്ഷൻ നൽകിയാണ് നഗരസഭ ചെയർമാൻ പി.പി. എല്‍ദോസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ആറ് കോടി 40 ലക്ഷം രൂപ ചെലവഴിച്ച് നഗരത്തിലെ 28 വാർഡുകളിലെ 1500 കുടുംബങ്ങൾക്ക് സൗജന്യമായി ശുദ്ധജല കണക്ഷന് ലഭ്യമാക്കുന്നതാണ് അമൃത് കുടിവെള്ള പദ്ധതി. മീനാ നഗറിൽ 24 കുടുംബങ്ങൾക്ക് ജല കണക്ഷൻ ലഭ്യമാക്കിയാണ് ആദ്യഘട്ട പദ്ധതി സമർപ്പിച്ചത്. നിലവിലുള്ള പഴയ എ.സി.പൈപ്പുകൾ മാറ്റി പി.വി.സി. പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.
ഇത് നിലവിലുളള ഉപഭോക്താക്കള്‍ക്ക് മുടക്കം കൂടാതെ കുടിവെളളം ലഭിക്കും. കാല്‍നൂറ്റാണ്ടിന് മുമ്പ് സ്ഥാപിച്ച ആസ്ബസ്റ്റോസ് വിതരണക്കുഴലുകള്‍ അടിക്കടി പൊട്ടി ജലവിതരണം തടസ്സപ്പെടുന്നതും ഒഴിവാകും. ഇതിന് പുറമെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അടക്കം കൂടുതല്‍ കുടുംബങ്ങള്‍ക്ക് പുതിയ പൈപ്പ് കണക്ഷന് നല്‍കാനും കഴിയും. കിഴക്കേക്കര നെടിയാമല, പുളിഞ്ചോട്, ഹോനായി നഗർ എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായി.
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് കട്ടിങ് അനുമതി ലഭിക്കുന്ന മുറക്ക് ടൗണിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനുളള നടപടികൾ തുടങ്ങും. 28 വാർഡിലും സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവർത്തനമാണ് നടന്നു വരുന്നതെന്ന് ചെയർമാൻ പി.പി. എൽദോസ് വ്യക്തമാക്കി. നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ അജി മുണ്ടാട്ട്, പി.എം.അബ്ദുൽസലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, വാർഡ് കൗൺസിലർ അസം ബീഗം, കൗൺസിലർമാരായ കെ.ജി. അനിൽകുമാർ, ബിന്ദു ജയൻ, നെജിലെ ഷാജി, ജോളി മണ്ണൂർ, അമല്‍ ബാബു, കെ.കെ. സുബൈർ, പി.വി. രാധാകൃഷ്ണൻ, മുൻ കൗൺസിലർമാരായ ടി.എസ്. മുഹമ്മദ്, ജയ്സൺ തോട്ടം വാട്ടർ അതോറിറ്റി എ.ഇ. കെ.കെ. ജയശ്രീ, ഓവർസിയർ ഷൈനി ജോസഫ് തുടങ്ങിയവർ
സംസാരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.