മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ തകർന്നു കിടക്കുന്ന കൊച്ചി - ധനുഷ്കോടി റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ കടാതി പാലത്തിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. സംഭവത്തിൽ അമ്പലംപടി സ്വദേശിയായ യുവാവ് മരിച്ചു. ഗുരുതര പരിക്കേറ്റ സഹയാത്രികൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരക്കേറിയ റോഡിലൂടെയുള്ള രാത്രിയാത്ര യാത്രക്കാരുടെ ജീവനു ഭീഷണിയായി മാറിയിട്ട് നാളുകളായി. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരികിലെ ഓട നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
റോഡിന്റെ ഒരു ഭാഗം മുഴുവൻ ഇതിനായി നീളമുള്ള കുഴികൾ കുഴിച്ചിരിക്കുകയാണ്. തിരക്കേറിയ റോഡിൽ വീതി കുറവുള്ള ഭാഗങ്ങളിലും ഇതാണ് സ്ഥിതി. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ സ്ഥലമില്ലാതെയാണ് അപകടങ്ങളിൽ പെടുന്നത്. ഇതിനുപുറമെ കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. രാത്രി തെരുവുവിളക്കുകൾ അപൂർവം സ്ഥലങ്ങളിൽ മാത്രമാണ് ഉള്ളത്.
റോഡരികിലെ കുഴികൾക്ക് അരികിൽ പ്ലാസ്റ്റിക്ക് വള്ളികൾ വലിച്ച് കെട്ടിയിരിക്കുന്നതല്ലാതെ സുരക്ഷ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. സുരക്ഷ- മുന്നറിയിപ്പ് സംവിധാനങ്ങളും ആവശ്യത്തിനില്ലാത്തതിനാൽ രാത്രി റോഡിലൂടെ വരുന്ന യാത്രക്കാരുടെ ശ്രദ്ധ തെറ്റിയാൽ അപകടം സംഭവിക്കുമെന്നതാണ് സ്ഥിതി. പരിചയമില്ലാത്തവർ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പുലർത്തിയാൽ പോലും അപകടം സംഭവിക്കാവുന്ന നിലയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും അധികൃതർ അവഗണിക്കുകയാണ്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.