മൂവാറ്റുപുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയെ പങ്കെടുപ്പിച്ചില്ല. മൂവാറ്റുപുഴയാറിൽ വെള്ളപ്പൊക്കഭീതി ഉയർന്ന സാഹചര്യത്തിൽ എം.എൽ.എയുടെ നിർദേശപ്രകാരം വ്യാഴാഴ്ച ആർ.ഡി.ഒ ഓഫിസിൽ വിളിച്ച യോഗത്തിൽനിന്നാണ് അവസാന നിമിഷം പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി എം.എൽ.എയെ ഒഴിവാക്കിയത്.
ഇത് രാഷ്ട്രീയപ്രേരിതമാണന്ന ആരോപണം ഉയർന്നിട്ടുണ്ട്. യോഗം ആരംഭിക്കുന്നതിനുമുമ്പ് ആർ.ഡി.ഒ ഷൈജു ജേക്കബ് എം.എൽ.എയെ വിളിച്ച് പങ്കെടുക്കരുതെന്ന് അഭ്യർഥിക്കുകയായിരുന്നു. മുകളിൽനിന്നുള്ള നിർദേശമനുസരിച്ചാണ് ഇക്കാര്യം പറയുന്നതെന്നാണ് ആർ.ഡി.ഒ അറിയിച്ചത്. അടിയന്തര പ്രാധാന്യമുള്ള യോഗം മാറ്റിവെക്കേണ്ടെന്നും താൻ മാറിനിൽക്കാമെന്നും അറിയിച്ച് എം.എൽ.എ ആർ.ഡി.ഒക്ക് കത്ത് നൽകി.
തുടർന്ന് എം.എൽ.എ ഇല്ലാതെ യോഗം നടന്നു.കാലവർഷ പ്രളയസാധ്യത മുന്നൊരുക്കം സംബന്ധിച്ച് നടത്താനിരുന്ന ഔദ്യോഗികതല യോഗത്തിൽ സാങ്കേതികമായ കാരണങ്ങളാൽ സ്ഥലം എം.എൽ.എ എന്ന നിലയിൽ പങ്കെടുക്കാൻ കഴിയാത്തത് ദൗർഭാഗ്യകരമായിപ്പോയെന്ന് വ്യക്തമാക്കിയ മാത്യു കുഴൽനാടൻ, തന്റെ നിർദേശങ്ങളും കൂടെ ചേർത്താണ് ആർ.ഡി.ഒക്ക് നൽകിയത്.
മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും പ്രളയസമാന സാഹചര്യങ്ങൾ ഉണ്ടാകുന്നതിനുള്ള മുഖ്യകാരണം മലങ്കര ഡാമിൽനിന്ന് പുറന്തള്ളപ്പെടുന്ന വെള്ളമാണ്.
വൈദ്യുതി മന്ത്രിയുമായും കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരുമായും മുമ്പ് നടത്തിയിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ കാലവർഷ സമാന സമയങ്ങളിൽ മലങ്കര ഡാമിന്റെ ജലപരിധി 36.9 ആയി തുടർച്ചയായി നിലനിർത്താമെന്ന് തീരുമാനമായിട്ടുള്ളത് കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് പ്രത്യക്ഷത്തിൽ കണ്ടുവരുന്ന കച്ചവടതാൽപര്യത്തോടെയുള്ള ഡാം മാനേജ്മെന്റ് പരമാവധി നിരുത്സാഹപ്പെടുത്തേണ്ടതാണ്.
പ്രളയസമാന സാഹചര്യങ്ങളിൽ ആവശ്യം വേണ്ട അടിയന്തര ഒഴിപ്പിക്കലുകളും താൽക്കാലിക പുനരധിവാസവുമെല്ലാം കൃത്യമായ മുന്നൊരുക്കത്തോടെ നടത്തുന്നതിന് നടപടി വേണം.
ഇക്കാര്യത്തിൽ സന്നദ്ധ പ്രവർത്തകരെയും സിവിൽ ഡിഫൻസ് സേനയെയും കൃത്യമായ വിവരങ്ങൾ യഥാസമയം നൽകി കാര്യക്ഷമമായി ഏകോപിപ്പിച്ച് വിനിയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.