മൂവാറ്റുപുഴ: നഗരത്തിൽ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. തൊടുപുഴ, പിറവം മേഖലകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ചിലതാണ് നെഹ്റു പാർക്കിൽ ആളെ ഇറക്കിയ ശേഷം ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിലും ഇ.ഇ.സി ബൈപാസ് റോഡിലും പാർക്ക് ചെയ്യുന്നത്.
നഗരത്തിൽ രണ്ട് സ്വകാര്യ ബസ് സ്റ്റാൻഡുകളാണുള്ളത്-മാർക്കറ്റ് സ്റ്റാൻഡും ആശ്രമം സ്റ്റാൻഡും. തൊടുപുഴ, പിറവം, ആരക്കുഴ, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ നിന്നും വരുന്ന ബസുകൾ മാർക്കറ്റ് സ്റ്റാൻഡിൽ എത്തി പാർക്ക് ചെയ്യണമെന്നാണ് തീരുമാനമെങ്കിലും പല ബസുകളും സ്റ്റാൻഡിൽ പോകാതെ റോഡരികുകളിൽ പാർക്ക് ചെയ്യുകയാണ്.
ഇതിനെതിരെ പരാതികൾ ഉയരാറുണ്ടങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകാറില്ല. രണ്ട് പതിറ്റാണ്ടു മുമ്പ് മാർക്കറ്റ് ബസ് സ്റ്റാൻഡിൽ എത്താത്ത ബസുകൾക്കെതിരെ നാട്ടുകാർ രംഗത്തുവന്നത് വൻ സംഘർഷം സൃഷ്ടിച്ചിരുന്നു. ഒടുവിൽ ബസുകൾ കൃത്യമായി സ്റ്റാൻഡിൽ എത്തുകയും ചെയ്തിരുന്നു.
എന്നാൽ രണ്ട് വർഷമായി സ്ഥിതിയിൽ വീണ്ടും പഴയ പടിയായി കാര്യങ്ങൾ. പല ബസുകളും റോഡരുകിലായി പാർക്കിങ്ങ്. തിരക്കേറിയ മൂന്നാർ റോഡ് എം.സി റോഡുമായി സന്ധിക്കുന്ന നെഹ്റു പാർക്കിൽ ബസുകളുടെ അനധികൃത പാർക്കിങ് വൻ ഗതാഗത കുരുക്കിനാണ് വഴിവെക്കുന്നത്.
ഇവിടെ ഒരു ബസ് നിർത്തി ആളെ കയറ്റാനാണ് അനുവാദമുള്ളതെങ്കിലും പിന്നിൽ ബസുകൾ നിരക്കും. കാവുങ്കര മേഖലയിലെ ഗതാഗത കുരുക്ക് മൂലമാണ് സ്റ്റാൻഡിൽ പോകാതിരിക്കുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.