മൂവാറ്റുപുഴ: നഗരസഭ സ്ഥലം വിട്ടുനൽകാത്തതിനാൽ മൂവാറ്റുപുഴ ഫയർസ്റ്റേഷൻ ഇപ്പോഴും താൽക്കാലിക കെട്ടിടത്തിൽ. 2019 ഫെബ്രുവരി രണ്ടിന് ലതാപാലത്തിനു സമീപത്തെ നഗരസഭ കെട്ടിടത്തിൽനിന്ന് കാവുംകരയിലെ അർബൻ ഹാറ്റിലേക്ക് മാറ്റിയ ഫയർ സ്റ്റേഷനാണ് അഞ്ചുവർഷം പൂർത്തിയായിട്ടും നഗരസഭ സ്ഥലം നൽകാത്തതിനാൽ മുനിസിപ്പൽ അർബൻ ഹാറ്റ് മന്ദിരത്തിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം നിർമിക്കാൻ ഭൂമി നൽകാമെന്ന ധാരണയിലായിരുന്നു സ്റ്റേഷൻ മാറ്റിയത്. അഗ്നിരക്ഷ സേന പ്രവർത്തിച്ചിരുന്ന ലതാ പാലത്തിനു സമീപത്തെ സ്ഥലത്ത് ഫയർ സ്റ്റേഷൻ നിർമിക്കാൻ മൂന്നുകോടി അനുവദിച്ചിരുന്നു. ഇതിനിടയിൽനിന്നാണ് ഇവിടെനിന്ന് ഓഫിസ് ഒഴിപ്പിച്ചത്. ഇവിടെനിന്ന് നാലു ദിക്കിലേക്കും തടസ്സമില്ലാതെ സുഗമമായി പോകാനും ജീവനക്കാർക്ക് പരിശീലനം നൽകാനും ഫയർ യൂനിറ്റുകൾക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിനു ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു ഇത്. എന്നാൽ, പുതിയ ഐ.ടി ഹബ് സമുച്ചയം നിർമിക്കാനെന്ന പേരിലാണ് ഇവരെ ഇവിടെനിന്ന് ഒഴിവാക്കിയത്. നിലവിൽ പ്രവർത്തിക്കുന്ന അർബൻ ഹാറ്റ് മന്ദിരം ഒരുവർഷം മുമ്പ് കുടുംബശ്രീ പ്രവർത്തകരുടെയും വിമൻസ് ക്ലബിന്റെയുമെല്ലാം പ്രവർത്തനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.
ഇതോടെ പരിമിതമായ സ്ഥലത്തെ അഗ്നിരക്ഷ സേന ഓഫിസിന്റെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നതായി അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ പറയുന്നു. നഗരസഭ നൽകിയ ഉറപ്പുപാലിച്ച് സ്ഥലം വിട്ടുനൽകിയാൽ സ്വന്തമായി ഓഫിസ് മന്ദിരം നിർമിക്കാനാകുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.