മൂവാറ്റുപുഴ: മൂവ്വാറ്റുപുഴ -തേനി റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയറെ തടഞ്ഞുവെച്ചു.
രണ്ട് വർഷം മുമ്പ് നിർമാണം ആരംഭിച്ച റോഡ് അവസാന ഘട്ടത്തിലാണ്. നിലവിൽ അഞ്ച് കിലോമീറ്റർ ദൂരം മാത്രമാണ് പണിപൂർത്തീകരിക്കാനുള്ളത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പണി പൂർത്തീകരിക്കാതെ കരാർ കമ്പനി നിർമാണ സാമഗ്രികൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോയത്.
ഇത് നിർമാണ പ്രവർത്തനങ്ങൾ തീരാൻ കാലതാമസം വരുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം നടത്തിയത്. നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിൽ നിർമാണം വൈകുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. നിർമാണം പൂർത്തീകരിക്കാതെ വന്നതിന്റെ ഭാഗമായി ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
അതിരൂക്ഷമായ പൊടിശല്യം കാൽനട യാത്രക്കാർക്ക്അടക്കം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. മണിയംകുളം ജങ്ഷനിൽ പകുതി ഭാഗം മാത്രം കോൺക്രീറ്റ് ചെയ്ത റോഡിൽ കൂർത്തു നിൽക്കുന്ന കമ്പികൾ അപകടം വിളിച്ചുവരുത്തുകയാണ്.
കഴിഞ്ഞദിവസം ഇരുചക്ര വാഹനത്തിൽ ഇതുവഴി യാത്ര ചെയ്ത സ്ത്രീ തലനാരിഴക്കാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സി. പി. എം ഏരിയ കമ്മിറ്റി അംഗം സജി ജോർജ്, സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം. ഇബ്രാഹിം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, എൻ.ജി.ലാലു, സി.എസ്. നിസാർ, അലികുഞ്ഞ് ലബ്ബ, എം.ബി.ദിനേശൻ എന്നിവർ നേതൃത്വം നൽകി. വിഷയം ഉടൻ പരിഹരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിച്ചത്.
കരാറുകാരൻ, കൺസൾട്ടിങ് ഏജൻസി, ഉദ്യോഗസ്ഥർ എന്നിവരുടെ അടിയന്തര യോഗം ബുധനാഴ്ച വിളിച്ചു ചേർത്തു പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.