മൂവാറ്റുപുഴ: കർഷകരെ ദുരിതത്തിലാക്കി മൂവാറ്റുപുഴ മേഖലയിൽ കപ്പക്കൃഷിയിൽ വേരുചീയൽ രോഗം വ്യാപകമാകുന്നു. ഇലകൾ മഞ്ഞളിച്ച് ഉണങ്ങുകയും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുകയും ചെയ്യുന്നതാണ് വേരുചീയൽ രോഗം.
കഴിഞ്ഞ വർഷം കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിലാണ് രോഗം ആദ്യം കണ്ടത്. പായിപ്ര മേഖലയിൽ ഏക്കർകണക്കിന് സ്ഥലത്തെ കപ്പക്കാണ് ഈ ഫംഗസ് രോഗം പടന്നുപിടിച്ചിരിക്കുന്നത്. പത്തുമാസംകൊണ്ട് വിളവെടുക്കാവുന്ന കപ്പയാണ് മേഖലയിൽ കൃഷി ചെയ്തിരിക്കുന്നത്.
കപ്പ പറിച്ച് വിൽക്കുമ്പോൾ ചെലവും പാട്ടക്കൂലിയും കഴിച്ച് നല്ലതുക ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ കൃഷി ഇറക്കിയ കർഷകർക്കാണ് ഒടുവിൽ ദുരിതം ഫംഗസ് രൂപത്തിൽ ഇറങ്ങിയത്. കഴിഞ്ഞ വർഷം കപ്പക്ക് നല്ല വില ലഭിച്ചതോടെ നിരവധി പേരാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയത്. ഫംഗസ് ബാധയുടെ കാരണം എന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കോഴിവളമാണ് കപ്പക്കൃഷിക്ക് അധികപേരും ഉപയോഗിക്കുന്നത്. അതിൽനിന്നാണോ അതോ മണ്ണിൽ വളത്തിന്റെ അംശം കുറഞ്ഞതാണോ അന്തരീക്ഷത്തിലെ വിഷാംശം മൂലമാണോ രോഗം പടരുന്നതെന്ന് സംശയമുണ്ടെന്ന് കർഷകർ പറയുന്നു.
പായിപ്ര മേഖലയിൽ അടുത്തിടെ നിരവധി പ്ലൈവുഡ് കമ്പനികളാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇവയിൽനിന്ന് പുറംതള്ളുന്ന വിഷാംശമാണോ പ്രശ്നകാരണമെന്നും വ്യക്തമല്ല. മേഖലയിൽ മിക്ക കർഷകരും കൂലിക്ക് ആളെവെച്ചാണ് കൃഷി ഇറക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷവും വളം വിലയും വർധിച്ചു.
കൂലിച്ചെലവിലും വൻ വർധന വന്നു. ഇതിനിടെയാണ് ഫംഗസ് പടർന്ന് കർഷകർക്ക് വിനയായത്. ജില്ലയുടെ കിഴക്കൻ മേഖലയിൽ തരിശുകിടന്ന ഏക്കർകണക്കിന് സ്ഥലത്താണ് കപ്പക്കൃഷി ചെയ്തിരിക്കുന്നത്. അഭ്യന്തര വിപണയിൽ ഭക്ഷ്യ വസ്തുവെന്ന നിലയിൽതന്നെ കപ്പക്ക് പ്രിയമേറെയുള്ളതാണ് കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിച്ചത്. ഇതിപ്പോൾ വിനയായിരിക്കുകയാണ്. കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
ഇലകൾ മഞ്ഞളിച്ച് ഉണങ്ങുകയും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുകയും ചെയ്യുന്നതാണ് വേരുചീയൽ രോഗം. വളർന്നുവരുന്ന കിഴങ്ങിന്റെ നിറംമാറി അഴുകുന്നതാണ് ആദ്യ രോഗലക്ഷണം. തുടർന്ന് ഇലകൾ വാടാൻ തുടങ്ങും. ക്രമേണ ഇലകൾ മുഴുവൻ വാടി തണ്ട് മറിയും. നടീൽവസ്തു, മണ്ണ്, വെള്ളം എന്നിവയിലൂടെയാണ് രോഗവ്യാപനം. ഫ്യൂസേറിയം എന്ന കുമിളാണ് വേരുചീയൽ രോഗത്തിന് കാരണമായ രോഗാണുക്കളിലൊന്ന് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തീവ്ര രോഗബാധയേറ്റ ചെടികൾ പിഴുതുമാറ്റിയുള്ള കൃഷിയിട ശുചീകരണം, കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കാതെ നീർവാർച്ച ക്രമീകരണം, രോഗബാധയില്ലാത്ത കമ്പ് മാത്രം നടാൻ ഉപയോഗിക്കുക, ചെടിയൊന്നിന് 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് നൽകുക, ട്രൈക്കോഡെർമ ചേർത്ത ജൈവവളം ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.