മൂവാറ്റുപുഴ: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പിടികൂടി കൂട്ടിലടച്ച ഒരു നായ്ക്ക് പേവിഷബാധയുടെ ലക്ഷണം. ഇതിനെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റി. നഗരസഭ ചൊവ്വാഴ്ച പിടികൂടി ഷെൽട്ടറിൽ അടച്ച 14 നായ്ക്കളിൽ ഒന്നിന്നാണ് ലക്ഷണങ്ങൾ കണ്ടത്.
ബുധനാഴ്ച രാവിലെ നഗരസഭയുടെ മത്സ്യമാർക്കറ്റിൽ തയാറാക്കിയ ഷെൽട്ടർ ഹോമിൽ അസ്വാഭാവികമായ പെരുമാറ്റം കണ്ടതിനെത്തുടർന്നാണ് നായെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റിയത്. ബുധനാഴ്ച കൂടുതൽ നായ്ക്കളെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച നഗരത്തിലെ നാല് വാർഡുകളിൽ തെരുവുനായ് ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റതിനെത്തുടർന്നാണ് ഈ വാർഡുകളിലെ തെരുവുനായ്ക്കളെ പിടികൂടി മത്സ്യമാർക്കറ്റിൽ തയാറാക്കിയിട്ടുള്ള പ്രത്യേക ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്നത്.
രണ്ടുദിവസങ്ങളിലായി 37 നായ്ക്കളെയാണ് പിടികൂടിയത്. ഇതിൽ പേവിഷബാധ ലക്ഷണം പ്രകടിപ്പിച്ച നായ് കഴിഞ്ഞ ദിവസം പേവിഷബാധയെത്തുടർന്ന് ചത്ത നായ് സഞ്ചരിച്ച വാർഡുകളിൽനിന്ന് പിടികൂടിയ 16 നായ്ക്കളിൽ ഒന്നാണ്.
ഇതിനിടെ മൃഗസ്നേഹ സംഘടനയുടെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടുന്നവർക്കെതിരെയും വാക്സിനേഷൻ നൽകുന്ന ഡോക്ടർക്കെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി പ്രതിഷേധവുമായി രംഗത്തുവന്നു. ഡോക്ടർക്കെതിരെയുള്ള പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്ന് സംഘടന അറിയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ല കമ്മിറ്റി, കേരള ഗവൺമെൻറ് വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ എന്നിവയാണ് സംഘടനക്കെതിരെ രംഗത്തുവന്നത്.
പിടികൂടുന്ന ഓരോ നായെയും പ്രത്യേകം കൂട്ടിലടച്ച് നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹി സംഘടനയും രംഗത്തുവന്നു. ഇല്ലെങ്കിൽ പിടികൂടുന്നവയിൽ പേ വിഷബാധയുള്ള നായുണ്ടങ്കിൽ മറ്റു നായ്ക്കൾക്കും പടരുമെന്ന് അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.