മൂവാറ്റുപുഴ: ആംബുലൻസ് നടുറോഡിൽ നിർത്തി ഡ്രൈവർ അടക്കമുള്ളവരുടെ പരാക്രമം. ബുധനാഴ്ച വൈകീട്ട് മൂന്നോടെ നഗരത്തിലെ പ്രസ് ക്ലബ് ജങ്ഷന് സമീപമായിരുന്നു സംഭവം. പേഴക്കാപ്പിള്ളി ഭാഗത്തുനിന്ന് നഗരത്തിലേക്ക് പാഞ്ഞുവന്ന ആംബുലൻസ് യു ടേൺ തിരിഞ്ഞുവന്ന ഓമ്നി വാനിൽ തട്ടുകയായിരുന്നു.
ഇതോടെ ആംബുലൻസ് നടുറോഡിൽ നിർത്തി പുറത്തിറങ്ങിയ സംഘം ബഹളം വെക്കുകയായിരുന്നു. അലക്ഷ്യമായി ഡോർ തുറന്ന് പുറത്തിറങ്ങിയതും വിനയായി. ഇരുചക്രവാഹന യാത്രക്കാർ ഭാഗ്യം കൊണ്ടാണ് ഡോറിൽ ഇടിക്കാതെ രക്ഷപ്പെട്ടത്.
നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിന് നടുവിൽ ആംബുലൻസ് നിർത്തിയതോടെ ഗതാഗതവും അൽപനേരം തടസ്സപ്പെട്ടു. ഇത് ചോദ്യം ചെയ്തവർക്കുനേരെയും സംഘം തിരിഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇരുവാഹനവും കസ്റ്റഡിയിലെടുത്തു.
ആംബുലൻസിൽ ഡ്രൈവറും രോഗിയും രോഗിയുടെ ബന്ധുക്കളും മാത്രമേ സഞ്ചരിക്കാവൂ എന്നിരിക്കെ നാലംഗസംഘം എത്തിയതും ദുരൂഹമാണ്. പായിപ്ര ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ആംബുലൻസ്. ഫ്രീസർ തിരികെ നൽകാൻപോവുകയായിരുന്നു ആംബുലൻസെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.