മൂവാറ്റുപുഴ: ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയതോടെ നഗരത്തിലടക്കം കുടിവെള്ള വിതരണം താറുമാറായി. ലക്ഷക്കണക്കിന് ലിറ്റർ ജലമാണ് റോഡിൽ ഒഴുകിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ജല അതോറിറ്റിയുടെ കോർമല ടാങ്കിൽ നിന്ന് നഗരത്തിലെ കാവുംകര, പെരുമറ്റം കക്കടാശ്ശേരി ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് ഇ.ഇ.സി മാർക്കറ്റിനു സമീപം വൻ ശബ്ദത്തോടെ പൊട്ടിയത്. ഇതേ തുടർന്ന് റോഡ് തകരുകയും ചെയ്തു. ടാങ്കിനു തൊട്ടു താഴെ ജനശക്തി റോഡിലായിരുന്നു പൈപ്പ് പൊട്ടിയത്. ഇതോടെ നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന തർബിയത്ത് നഗർ, ആസാദ് റോഡ്, കീച്ചേരിപ്പടി, ഉറവക്കുഴി, വാഴപ്പിള്ളി, വാലടിത്തണ്ട്, പെരുമറ്റം, കക്കടാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വെള്ളവിതരണമാണ് മുടങ്ങിയത്.
ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ ആറു മുതൽ 12 വരെയാണ് ഇവിടെ വെള്ളം എത്തിയിരുന്നത്. എന്നാൽ പൈപ്പ് മാറ്റി സ്ഥാപിച്ച് എന്ന് വിതരണം പുനഃസ്ഥാപിക്കുമെന്ന് ഒരു പിടിയുമില്ല. നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടി വിതരണം താറുമാറാകാൻ തുടങ്ങിയിട്ട് നാളുകൾ പിന്നിട്ടിട്ടും ആസ്ബസ്റ്റോസ് കുഴലുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ല. ആഴ്ചയിൽ രണ്ടു തവണയെങ്കിലും പൈപ്പുകൾ പൊട്ടുന്നത് തുടരുകയാണ്. അതും പ്രധാന വിതരണ കുഴലുകളാണ് പൊട്ടുന്നത്. അഞ്ചു പതിറ്റാണ്ട് മുമ്പ് പദ്ധതി തുടങ്ങുമ്പോൾ സ്ഥാപിച്ച കുഴലുകളൊന്നും ഇത് വരെ മാറ്റി സ്ഥാപിച്ചിട്ടില്ല. ജോസഫ് വാഴക്കൻ എം.എൽ.എ യായിരുന്ന സമയത്ത് നഗരത്തിലെ പഴയ വിതരണക്കുഴലുകൾ മുഴുവൻ മാറ്റാൻ 17.5 കോടി രൂപയുടെ പദ്ധതി കൊണ്ടു വന്നെങ്കിലും പിന്നീട് തുടർനടപടിയൊന്നും ഉണ്ടായില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ സമയത്ത് പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചത് ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ബുദ്ധിമുട്ടിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.